ലിങ്ക്-16 സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ നൽകുന്ന ഈ കരാർ, പാകിസ്ഥാന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുമെന്നും ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ സഹായിക്കുമെന്നും അമേരിക്ക വ്യക്തമാക്കുന്നു. ഈ സുപ്രധാന നീക്കം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

ദില്ലി പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങൾക്കുള്ള നൂതന സാങ്കേതികവിദ്യയും വിൽക്കുന്നതിനായി 686 (6191 കോടി ഇന്ത്യൻ രൂപ) മില്യൺ ഡോളറിന്റെ ഒരു പ്രധാന ആയുധ കരാറിന് അമേരിക്ക അംഗീകാരം നൽകിയതായി റിപ്പോർട്ട്. ലിങ്ക്-16 സിസ്റ്റങ്ങൾ, ക്രിപ്‌റ്റോഗ്രാഫിക് ഉപകരണങ്ങൾ, ഏവിയോണിക്‌സ് അപ്‌ഡേറ്റുകൾ, പരിശീലനം, സമഗ്രമായ ലോജിസ്റ്റിക്കൽ പിന്തുണ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡിഎസ്‌സി‌എ) യുഎസ് കോൺഗ്രസിന് അയച്ച കത്ത് ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു. ഈ കരാർ 30 ദിവസത്തെ അവലോകന കാലയളവിന് തുടക്കമിട്ടിട്ടു. കൂടാതെ നിയമനിർമ്മാതാക്കളുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. കരാർ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങളുടെ ആധുനികവൽക്കരണവും പ്രവർത്തന സുരക്ഷാ ആശങ്കകളും പരിഹരിക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം എന്നാണ് റിപ്പോർട്ട്. എഫ്-16 വിമാനങ്ങൾ നിർമ്മിക്കുന്ന ടെക്സസ് ആസ്ഥാനമായുള്ള ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയായിരിക്കും വിൽപ്പനയുടെ പ്രധാന കരാറുകാരൻ എന്ന് കത്തിൽ പറയുന്നു.

ഈ നിർദ്ദിഷ്ട വിൽപ്പന നടപ്പിലാക്കുന്നതിന് പാകിസ്ഥാനിലേക്ക് യുഎസ് ഗവൺമെന്റിന്റെയോ കോൺട്രാക്ടർ പ്രതിനിധികളെയോ അധികമായി നിയോഗിക്കേണ്ടതില്ലെന്നും കരാറിന്റെ ഫലമായി യുഎസ് പ്രതിരോധ തയ്യാറെടുപ്പിൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്നും യുഎസ് പ്രതിരോധ ഏജൻസിയുടെ കത്തിൽ ഊന്നിപ്പറഞ്ഞു.

ഭീകരവിരുദ്ധ ശ്രമങ്ങളിലും ഭാവിയിലെ അടിയന്തര പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പിലും യുഎസുമായും പങ്കാളി സേനകളുമായും പരസ്പര പ്രവർത്തനക്ഷമത നിലനിർത്താൻ പാകിസ്ഥാനെ അനുവദിക്കുന്നതിലൂടെ, അമേരിക്കയുടെ വിദേശനയത്തെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുമെന്നും അമേരിക്ക വ്യക്തമാക്കുന്നു.

ബ്ലോക്ക്-52, മിഡ് ലൈഫ് അപ്‌ഗ്രേഡ് എഫ്-16 ഫ്ലീറ്റ് എന്നിവ നവീകരിക്കുന്നതിലൂടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള പാകിസ്ഥാന്റെ കഴിവ് കരാറിലൂടെ നിലനിർത്തുമെന്നും പറയുന്നു. 2040 വരെ വിമാനത്തിന്റെ ശേഷി വർദ്ധിപ്പിക്കുമെന്നും" കത്തിൽ കൂട്ടിച്ചേർത്തു. ആകെ കണക്കാക്കിയ മൂല്യം 686 മില്യൺ ഡോളറാണ്. പ്രധാന പ്രതിരോധ ഉപകരണങ്ങൾക്ക് 37 മില്യൺ ഡോളറും മറ്റ് ഇനങ്ങൾക്ക് 649 മില്യൺ ഡോളറുമാണ് വില. പ്രധാന പ്രതിരോധ ഉപകരണ (എംഡിഇ) ഘടകത്തിൽ 92 ലിങ്ക്-16 ഡാറ്റ ലിങ്ക് സിസ്റ്റങ്ങളും ആറ് നിഷ്ക്രിയ എംകെ-82 500 എൽബി ജനറൽ-പർപ്പസ് ബോംബ് ബോഡികളും ഉൾപ്പെടും.

ലിങ്ക്-16 ഒരു നൂതന കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസ്, ഇന്റലിജൻസ് സംവിധാനമായിരിക്കും. സഖ്യസേനകൾക്കിടയിൽ തന്ത്രപരമായ ഡാറ്റ പങ്കിടുന്ന സുരക്ഷിതവും തത്സമയവുമായ ആശയവിനിമയ ശൃംഖലയാണിതെന്നും പറയുന്നു. യുഎസും സഖ്യകക്ഷിയായ നാറ്റോ സേനകളുമാണ് ഈ വിദ്യ നിലവിൽ ഉപയോ​ഗിക്കുന്നത്. ബന്ധം വഷളായ സാഹചര്യത്തിൽ 2021 ൽ പാകിസ്ഥാൻ തങ്ങളുടെ എഫ്-16 വിമാനങ്ങൾ നവീകരിക്കാൻ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും അമേരിക്ക പ്രതികരിച്ചിരുന്നില്ല.