ഡയറ്റ് കോക് എന്ന കൊക്കകോളയുടെ കാർബോണേറ്റഡ് സോഡാ ഡ്രിങ്കിന്റെ സ്ഥിരം ഉപഭോക്താവായിരുന്നു മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് എന്നത് വൈറ്റ് ഹൗസിലെ അണിയറ രഹസ്യങ്ങളിൽ ഒന്നാണ്. ട്രംപ് പടിയിറങ്ങി കഴിഞ്ഞ ദിവസം ജോ ബൈഡൻ ഓവൽ ഓഫീസിലെത്തി അധികാരമേറ്റെടുത്തതോടെ അവിടെ ഉണ്ടായ ആദ്യ മാറ്റങ്ങളിൽ ഒന്ന്, തന്റെ പ്രെസിഡെൻഷ്യൽ ഡെസ്കിൽ ട്രംപ് ഘടിപ്പിച്ചിരുന്ന ഒരു 'ഡയറ്റ് കോക്' കാളിംഗ് ബെൽ നീക്കം ചെയ്യുകയാണ്. വ്യാഴാഴ്ച ബൈഡൻ വൈറ്റ് ഹൗസിൽ വച്ചെടുത്ത ചിത്രങ്ങളിൽ ഡെസ്കിൽ ഈ ബെൽ കാണാനില്ല. 

 

 

വാർത്താ ഏജൻസി ആയ എഎൻഐ ആണ് ഈ വിവരം പുറത്തുവിട്ടിട്ടുള്ളത്. 2019 -ൽ തങ്ങൾ പ്രസിഡന്റിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ എന്താണ് ഈ ചുവന്ന ബട്ടൺ എന്ന് കുതൂഹലം പൂണ്ടിരുന്നതായും, ഒടുവിൽ അഭിമുഖം തീരും മുമ്പുതന്നെ പ്രസിഡന്റ് അത് ഞെക്കിയതിനു തൊട്ടുപിന്നാലെ ഒരു ബെയറർ വെള്ളിത്തലത്തിൽ ഒരു സ്ഫടിക ഗ്ലാസ് നിറയെ ഡയറ്റ് കോക് കൊണ്ടുവന്നപ്പോഴാണ് ആ ബെല്ലിന്റെ ഉദ്ദേശ്യം വ്യക്തമായത് എന്നും ജേർണലിസ്റ്റ് ടോം ന്യൂട്ടൺ ഡൺ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു ദിവസം 12 കാൻ ഡയറ്റ് കോക് വരെ കുടിക്കുമായിരുന്നു ട്രംപ് എന്നാണ് പറയപ്പെടുന്നത്.