മെയ് 26 ന് ചൈനയിലെ യാന്റായി തുറമുഖത്ത് നിന്നാണ് ലൈബീരിയ പതാകയേന്തിയ കപ്പല്‍ പുറപ്പെട്ടത്. മെക്സിക്കോ ലക്ഷ്യമാക്കിയായിരുന്നു യാത്ര.
അലാസ്‌ക: വന്‍ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് കാറുകളുമായെത്തിയ കൂറ്റൻ കപ്പല്‍ അലാസ്ക കടലിൽ ഉപേക്ഷിച്ച് കമ്പനി. 800 ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ 3000 വാഹനങ്ങളുമായെത്തിയ മോര്‍ണിങ് മിഡാസ് എന്ന കാര്‍ഗോ ഷിപ്പിനാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്. തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് കപ്പല്‍ കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. ക്രൂ അംഗങ്ങളെ സുരക്ഷിതമായി കരയിലെത്തിച്ചു. അതേസമയം, ഏത് കമ്പനിയുടെ വാഹനങ്ങൾക്കാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. ലണ്ടനിൽ നിന്നുള്ള ഹത്തോൺ നാവിഗേഷൻ ഇൻകോർപ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്നും സോഡിയാക് മാരിടൈം ലിമിറ്റഡിന്റെ മാനേജ്മെന്റിനും ഉടമസ്ഥാവകാശമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു
മെയ് 26 ന് ചൈനയിലെ യാന്റായി തുറമുഖത്ത് നിന്നാണ് ലൈബീരിയ പതാകയേന്തിയ കപ്പല്‍ പുറപ്പെട്ടത്. മെക്സിക്കോ ലക്ഷ്യമാക്കിയായിരുന്നു യാത്ര. അലാസ്കയിൽ എത്തിയപ്പോൾ ഇലക്ട്രിക് വാഹനങ്ങള്‍ നിറച്ച ഡെക്കില്‍ നിന്നും പുക ഉയർന്നു. ഉടൻ തന്നെ തീകെടുത്താന്‍ നടപടികൾ ആരംഭിച്ചെങ്കിലും തീ ആളിപ്പടർന്നു. സ്ഥിതിഗതികൾ കൈവിട്ടതോടെ 22 ജീവനക്കാരെ സുരക്ഷിതമായി പുറത്തിറക്കി. യുഎസ് കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ അടുത്തുള്ള കപ്പലിലേക്ക് ജീവനക്കാരെ സുരക്ഷിതമായി മാറ്റി.
അലാസ്‌കൻ തീരത്തുനിന്ന് 300 മൈല്‍ തെക്കുപടിഞ്ഞാറായാണ് കപ്പലുള്ളതെന്ന് കോസ്റ്റ്ഗാര്‍ഡ് എക്സിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി മൂന്ന് കപ്പലുകള്‍ സംഭവ സ്ഥലത്തിലേക്ക് എത്തി. 2022ലും ഇലക്ട്രിക് വാഹനവുമായി എത്തിയ കപ്പലിന് തീപിടിച്ചിരുന്നു. പോര്‍ഷെ, ബെന്റ്ലി എന്നിവയുള്‍പ്പെടെ 4,000 ആഡംബര കാറുകളാണ് അന്ന് കത്തി നശിച്ചത്. പോര്‍ച്ചുഗീസ് അസോറസ് ദ്വീപസമൂഹത്തിന് സമീപം കപ്പല്‍ മുങ്ങി.
