യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റാണ് പ്രഖ്യാപനം നടത്തിയത്. സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ്ജ വിപണി അസ്ഥിരമാകാതിരിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം.
വാഷിങ്ടണ്‍: ഇന്ത‌്യയ്ക്ക് റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ ഒരു മാസത്തേക്ക് ഇളവ് നൽകി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റാണ് പ്രഖ്യാപനം നടത്തിയത്. കടലിലുള്ള റഷ്യൻ ടാങ്കറുകളിൽ നിന്ന് എണ്ണ വാങ്ങാം എന്നാണ് അറിയിപ്പ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ്ജ വിപണി അസ്ഥിരമാകാതിരിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ ശക്തമായി എതിർത്തിരുന്നു. ഇന്ത്യയ്ക്ക് അധിക തീരുവ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് യുഎസ് - ഇന്ത്യ വ്യാപാര കരാറിന്‍റെ പശ്ചാത്തലത്തിൽ തീരുവ 18 ശതമാനമായി കുറച്ചു. യുഎസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ തീരുവ 15 ശതമാനമായി കുറഞ്ഞു. അതിനിടെയാണ് ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ആഗോള തലത്തിൽ എണ്ണ വ്യാപാരം പ്രതിസന്ധിയിലായത്.
ഏപ്രിൽ 3 വരെയാണ് ഇളവെന്ന് യുഎസ് ട്രഷറി സെക്രട്ടറി പ്രസ്താവനയിൽ പറയുന്നു- “പ്രസിഡന്‍റ് ട്രംപിന്‍റെ ഊർജ അജണ്ട എണ്ണ ഉത്പാദനം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിച്ചിരിക്കുകയാണ്. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരാൻ, ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ല. കാരണം ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ എണ്ണയുടെ ഇടപാടുകൾക്ക് മാത്രമേ അംഗീകാരം നൽകുന്നുള്ളൂ. ഇറാൻ ആഗോള ഊർജമേഖലയെ ബന്ദിയാക്കാൻ ശ്രമിക്കുന്നതു കൊണ്ടുള്ള സമ്മർദം ഈ താത്കാലിക നടപടി ലഘൂകരിക്കും. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണ്. ഇന്ത്യ യുഎസ് എണ്ണയുടെ ഇറക്കുമതി വർധിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു"
ഇറാന്‍റെ ആക്രമണം മിഡിൽ ഈസ്റ്റിലുടനീളം എണ്ണ ഉൽപാദനത്തെ ബാധിച്ചു. ആഗോള എണ്ണ വിതരണത്തിന്റെ 20% കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് സ്ഥിതി കൂടുതൽ ഗുരുതരമായി. ആഗോള തലത്തിൽ എണ്ണ വില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഇന്ന് രാവിലെ ബാരലിന് 83.07 ഡോളറായി ഉയർന്നു. 50 ദിവസത്തേക്ക് ഇന്ത്യയിൽ എണ്ണ പ്രതിസന്ധിയില്ല എന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ മുൻകരുതൽ നടപടികൾ എടുക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. അതിനാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് അറിയിപ്പ്.
യുക്രെയ്‌നിലെ അധിനിവേശത്തിനെതിരെ റഷ്യയെ സമ്മർദ്ദത്തിലാക്കാൻ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ നവംബറിലാണ് റഷ്യൻ എണ്ണ കമ്പനികളായ ലുക്കോയിലിനും റോസ്‌നെഫ്റ്റിനും മേൽ ഉപരോധം ഏർപ്പെടുത്തിയത്. ജനുവരിയിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറഞ്ഞു. 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അടുത്ത ഒരു മാസത്തേക്ക് ഇന്ത്യയ്ക്ക് റഷ്യയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാൻ കഴിയും.
