രാജ്യത്തിന് ബുദ്ധിമുട്ടുള്ള ഒരു ചരിത്രമുണ്ടെങ്കിലും, അതിനുശേഷം പരിഷ്കരണങ്ങൾക്ക് വിധേയമായി മുന്നോട്ട് പോയെന്ന് ബിലാവൽ ഭൂട്ടോ
ഇസ്ലാമാബാദ്: ഭീകരവാദ ഗ്രൂപ്പുകളുമായുള്ള പാകിസ്ഥാന്‍റെ മുൻകാല ബന്ധം അംഗീകരിച്ച് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. രാജ്യത്തിന് ബുദ്ധിമുട്ടുള്ള ഒരു ചരിത്രമുണ്ടെങ്കിലും, അതിനുശേഷം പരിഷ്കരണങ്ങൾക്ക് വിധേയമായി മുന്നോട്ട് പോയെന്ന് ബിലാവൽ ഭൂട്ടോ പറഞ്ഞു. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഭീകര ഗ്രൂപ്പുകളുമായുള്ള രാജ്യത്തിന്‍റെ ബന്ധത്തെക്കുറിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുമ്പ് നടത്തിയ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന് അങ്ങനെയൊരു ഭൂതകാലമുണ്ടെന്നത് രഹസ്യമല്ലെന്നും അതിന്റെ അനന്തരഫലങ്ങൾ രാജ്യത്തിനുള്ളിൽ ആഴത്തിൽ അനുഭവപ്പെട്ടിട്ടുണ്ടെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു- "പ്രതിരോധമന്ത്രി പറഞ്ഞതനുസരിച്ച്, പാകിസ്ഥാന് ഒരു ഭൂതകാലമുണ്ടെന്നത് രഹസ്യമാണെന്ന് ഞാൻ കരുതുന്നില്ല. തൽഫലമായി ഞങ്ങൾ ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ടു. പാകിസ്ഥാൻ കഷ്ടപ്പെട്ടു. തീവ്രവാദത്തിന്റെ തിരമാലകളിലൂടെ ഞങ്ങൾ കടന്നുപോയി. എന്നാൽ ഞങ്ങൾ പാഠം പഠിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഞങ്ങൾ ആഭ്യന്തര പരിഷ്കരണങ്ങൾ നടത്തി"- ബിലാവൽ ഭൂട്ടോ പറഞ്ഞു.
അത്തരം തീവ്രവാദ ഘടകങ്ങളെ രാജ്യം ഇപ്പോൾ പിന്തുണയ്ക്കുന്നില്ലെന്ന് ബിലാവൽ ഭൂട്ടോ അവകാശപ്പെട്ടു. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അത് ചരിത്രമാണ്. വർത്തമാന കാലത്ത് അങ്ങനെയല്ല. അത് നമ്മുടെ ചരിത്രത്തിന്‍റെ നിർഭാഗ്യകരമായ ഭാഗമാണെന്നത് ശരിയാണെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
നേരത്തെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, പാകിസ്ഥാന്‍റെ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയുണ്ടായി- "ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയ്ക്കും ബ്രിട്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്കും വേണ്ടി ഞങ്ങൾ ഈ വൃത്തികെട്ട ജോലി ചെയ്തുവരികയാണ്. അത് തെറ്റായിരുന്നു, അതിന്റെ പേരിൽ ഞങ്ങൾ കഷ്ടപ്പെട്ടു. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11 ന് ശേഷമുള്ള യുദ്ധത്തിലും ഞങ്ങൾ പങ്കുചേർന്നിരുന്നില്ലെങ്കിൽ, പാകിസ്ഥാന്റെ ചരിത്രം കുറ്റമറ്റതാകുമായിരുന്നു."
സിന്ധു നദിയിലൂടെ വെള്ളമൊഴുകിയില്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്ന് നേരത്തെ ബിലാവൽ ഭൂട്ടോ ഭീഷണി മുഴക്കിയിരുന്നു. സിന്ധു നദീജലക്കരാർ റദ്ദാക്കുന്നതിനെതിരെ പാകിസ്ഥാനികൾ ഒറ്റക്കെട്ടായി നിന്ന് ശക്തമായ മറുപടി നൽകുമെന്നാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്. സിന്ധു പാകിസ്ഥാന്റേതാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ബിലാവൽ പറഞ്ഞു. 'ഒന്നുകിൽ നമ്മുടെ വെള്ളം സിന്ധുവിലൂടെ ഒഴുകും അല്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തമൊഴുകും' എന്നായിരുന്നു ബിലാവലിന്‍റെ വിവാദ പ്രസ്താവന.


