ഓസ്ട്രേലിയയില്‍ വീടുകളിലും മറ്റും എത്തുന്ന പാമ്പുകളെ സുരക്ഷിതമായി നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ള മാര്‍ക് പെല്ലിയാണ് പാമ്പുകളുടെ ഈ സ്വഭാവം വിശദമാക്കുന്നത്

മെല്‍ബണ്‍: ഭദ്രമായി അടച്ചുപൂട്ടിയ കിടപ്പുമുറിയില്‍ പെട്ടന്നൊരു പാമ്പിനെ കണ്ടാല്‍ ഭയത്തോടൊപ്പം പാമ്പ് എങ്ങനെ അകത്ത് കയറിയെന്ന ആശങ്കയും ആളുകള്‍ക്ക് സാധാരണമായി തോന്നാറുണ്ട്. വാതിലുകളുടെ അടിയിലെ ചെറിയ വിടവിലൂടെ വരെ അകത്ത് കയറിപ്പറ്റാനായി പാമ്പ് ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളുടെ വീഡിയോ വൈറലാവുന്നു. ഓസ്ട്രേലിയയില്‍ വീടുകളിലും മറ്റും എത്തുന്ന പാമ്പുകളെ സുരക്ഷിതമായി നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ള മാര്‍ക് പെല്ലിയാണ് വീഡിയോ പങ്ക് വച്ചിട്ടുള്ളത്.

ടിക് ടോക്കിലാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. ശരീരം പരത്തിയെടുക്കാനുള്ള ഇഴജന്തുക്കളുടെ അസാധാരണമായ കഴിവാണ് പാമ്പുകളെ ഇത്തരത്തില്‍ ചെറിയ ഇടങ്ങളിലൂടെ പോലും നുഴഞ്ഞുകയറാന്‍ സഹായിക്കുന്നത്. മിക്ക ഇനങ്ങളിലെ പാമ്പുകള്‍ക്കും ഇത്തരത്തില്‍ ചെറിയ ഇടങ്ങളിലൂടെയും ശരീരം പരത്തി അകത്ത് കയറാന്‍ സാധിക്കും. കരയിലെ ഏറ്റവും വിഷ വീര്യമുള്ള രണ്ടാമത്തെ പാമ്പ് ഇനമായ ഈസ്റ്റേൺ ബ്രൗൺ സ്നേക്കുകള്‍ക്കും ഈ കഴിവുണ്ട്. വേനല്‍ക്കാലം രൂക്ഷമാവുമ്പോള്‍ വീടുകളുടെ അകത്തളങ്ങളിലേക്ക് ഇവ കയറി എത്തുന്നത് സാധാരണമാണ്. വാതിലിന് അടിയിലും തറയ്ക്ക് ഇടയിലുമുള്ള ചെറിയ അകലത്തിലൂടെ ശരീരം വീടിന് അകത്തേക്ക് എത്തിക്കാന്‍ പാമ്പിന് ഏറെ നേരെ വേണ്ടെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. അനായാസം ചലിപിക്കാന്‍ സാധിക്കുന്ന വാരിയെല്ലുകളാണ് ഇതിന് പാമ്പുകളെ സഹായിക്കുന്നത്.

നെഞ്ചിന്‍ കൂടുമായി വാരിയെല്ലുകള്‍ക്ക് ബന്ധമില്ലാത്തതാണ് ഇത്തരത്തിലുള്ള ചലനത്തിന് പാമ്പിനെ സഹായിക്കുന്നത്. വലുപ്പം കൂടിയ ഇരകളെ അകത്താക്കാനായി വായ പൊളിക്കുമ്പോള്‍ വലുതാക്കുന്നത് പോലെ തന്നെ ശരീരം പരത്താനും പാമ്പുകള്‍ക്ക് സാധിക്കും. എന്നാല്‍ പെരുമ്പാമ്പ് ഇനത്തിലുള്ളവയ്ക്ക് ഈ കഴിവില്ല. ഓസ്ട്രേലിയയിലെ ഡയമണ്ട് ബേയിലാണ് വീഡിയോയിലുള്ള പാമ്പിനെ കണ്ടെത്തിയത്. വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പെറ്റ് ഡോോറുകളും ഷൂസുകളുമെല്ലാം പാമ്പ് വീടിന് അകത്തെത്താനുള്ള മാര്‍ഗം ആക്കാറുണ്ടെന്നും വിദഗ്ധര്‍ വിശദമാക്കുന്നു.