സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും അവശിഷ്ടങ്ങൾ പരിസരപ്രദേശങ്ങളിലേക്ക് ചിതറുകയും ചെയ്തു

ബീജിംഗ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2026 മെയ് 4 തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 4.40ഓടെയാണ് ദുരന്തമുണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിക്ക് മൂന്ന് കിലോമീറ്റർ അകലെ വരെയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 500 ഓളം രക്ഷാപ്രവർത്തകരാണ് മേഖലയിൽ തെരച്ചിലും രക്ഷാപ്രവർത്തനത്തിലും മുഴുകിയിട്ടുള്ളത്. 20 മുതൽ 60 വരെ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടവരുടെ പ്രായം. ലോകത്തിൽ തന്നെ പടക്കനിർമ്മാണത്തിന് മുന്നിലുള്ള ലിയുയാങ് പട്ടണത്തിലാണ് അപകടമുണ്ടായിട്ടുള്ളത്.

ഹുനാൻ പ്രവിശ്യയിലെ ലിയുയാങ് നഗരത്തിലുള്ള 'ഹുവാഷെങ് ഫയർവർക്സ് മാനുഫാക്ചറിംഗ്' എന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്. പടക്ക നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും അവശിഷ്ടങ്ങൾ പരിസരപ്രദേശങ്ങളിലേക്ക് ചിതറുകയും ചെയ്തു. സ്ഫോടനത്തെത്തുടർന്ന് ആകാശത്തേക്ക് വലിയ തോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടം നടന്ന ഉടൻ തന്നെ 500-ഓളം വരുന്ന അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പരിക്കേറ്റ 61 പേരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദുരന്തത്തെത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കാനും പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശം നൽകി. വ്യവസായ ശാലകളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്നും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.ചൈനയിലെ പടക്ക നിർമ്മാണ മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവം മൂലം ഇത്തരം അപകടങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം