ക്വെറ്റ: പാകിസ്ഥാനിലെ ക്വെറ്റയിൽ ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ആഢംബരഹോട്ടലിന് നേരെ ഭീകരാക്രമണം. ഹോട്ടലിന്‍റെ പാർക്കിംഗ് മേഖലയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. പാർക്കിംഗ് മേഖലയിൽ നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. 

ക്വെറ്റയിലെ വലിയ ആഢംബരഹോട്ടലായ സെറീന ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ആരാണ് സ്ഫോടനത്തിന് പിന്നിലെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും പാക് താലിബാൻ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ചൈനീസ് അംബാസിഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചനയെങ്കിലും ആക്രമണം നടന്ന സമയത്ത് അംബാസിഡർ ഹോട്ടലിലുണ്ടായിരുന്നില്ല. 

ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വെറ്റയിൽ നടന്ന ആക്രമണത്തിൽ പാകിസ്ഥാനിലെ വിഘടനവാദി സംഘടനാഗ്രൂപ്പുകൾക്ക് പങ്കുണ്ടോ എന്ന സംശയം ശക്തമാണ്. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ വിഘടനവാദിസംഘടനകളുടെ സാന്നിധ്യം ശക്തമായ മേഖലയാണ് ക്വെറ്റ. പാക് താലിബാനും ഇവിടെ സജീവസാന്നിധ്യമാണ്. പതിറ്റാണ്ടുകളായി സമാനമായ ആക്രമണങ്ങൾ ഈ തീവ്രവാദിസംഘടനകളെല്ലാം നടത്താറുമുണ്ട്.

ബലൂച് പ്രവിശ്യയിലെ സർക്കാർ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി. ഇത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് വ്യക്തമാക്കിയ ബലൂച് പ്രവിശ്യാ സർക്കാർ വക്താവ് ലിയാഖത് ഷാവാനി, പാകിസ്ഥാന്‍റെ ശത്രുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.