ഞെട്ടിത്തരിച്ച് പാകിസ്ഥാൻ, പൊലീസിന് നേരെയുള്ള ബോംബാക്രമണത്തിൽ 9 മരണം. പെഷവാർ ക്യാപിറ്റൽ സിറ്റി പോലീസ് ഓഫീസർ മിയാൻ സയീദിന്റെ ഓഫീസ് സംഭവം സ്ഥിരീകരിച്ചു.
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാർ മേഖലയിൽ സ്ഫോടനം. പൊലീസ് വാഹനം സഞ്ചരിക്കുന്ന വഴിയിലാണ് സ്ഫോടനമുണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. കുറഞ്ഞത് ഒമ്പത് പേർ കൊല്ലപ്പെടുകയും നാല് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. പെഷവാർ ക്യാപിറ്റൽ സിറ്റി പോലീസ് ഓഫീസർ മിയാൻ സയീദിന്റെ ഓഫീസ് സംഭവം സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് മൊബൈലിന്റെ റൂട്ടിലാണ് സ്ഫോടനത്തിന് കാരണമായ ഉപകരണം സ്ഥാപിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായെന്നും മിയാൻ സയീദ് പറഞ്ഞു.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും രക്ഷാപ്രവർത്തകർ അദ്ദേഹത്തെ അടുത്തുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറ്റിയതായും സിസിപിഒ പറഞ്ഞു. സ്ഫോടനത്തിന് ശേഷം പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞിരിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബർ 30 ന് ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫ്രോണ്ടിയർ കോർപ്സ് (എഫ്‌സി) ആസ്ഥാനത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്.


