ആരാധനാലയങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട പ്രവാസി കുവൈത്തിൽ അറസ്റ്റില്‍. ദേശീയ സുരക്ഷയെ ദുർബലപ്പെടുത്താനും രാജ്യത്തിന്‍റെ അടിസ്ഥാന തത്വങ്ങൾ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന ഒരു ഗ്രൂപ്പുമായുള്ള വ്യക്തിയുടെ ബന്ധം സുരക്ഷാ സേന കണ്ടെത്തി.

കുവൈത്ത് സിറ്റി: ആരാധനാലയങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന നിരോധിത സംഘവുമായി ബന്ധമുള്ള ഒരു അറബ് പൗരനെ കുവൈത്ത് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദേശീയ സുരക്ഷയെ ദുർബലപ്പെടുത്താനും രാജ്യത്തിന്‍റെ അടിസ്ഥാന തത്വങ്ങൾ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന ഒരു ഗ്രൂപ്പുമായുള്ള വ്യക്തിയുടെ ബന്ധം സുരക്ഷാ സേന കണ്ടെത്തി. ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്താൻ പ്രതി തയ്യാറെടുക്കുന്നതായും ആസൂത്രിതമായ ആക്രമണം തടഞ്ഞുവെന്നും മന്ത്രാലയം വിശദീകരിച്ചു.

വിപുലമായ നിരീക്ഷണത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും വസ്തുക്കളും അവ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള രേഖകളും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. രാജ്യത്തെയും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനുമായി പൂർണ ശക്തിയോടെയും ദൃഢനിശ്ചയത്തോടെയും നേരിടുമെന്നും. ഇത്തരം ഭീകരാക്രമണ ഗൂഢാലോചനകൾ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും രാജ്യത്തിന്‍റെ സുരക്ഷയെ ദുർബലപ്പെടുത്താനോ പൊതുജന സുരക്ഷയെ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.