ഇസ്ലാമാബാദ്:  പാക്കിസ്ഥാന്‍ സൈന്യത്തെയും ഐഎസ്ഐയെയും വിമര്‍ശിച്ച ബ്ലോഗ് എഴുത്തുകാരനെ കുത്തിക്കൊലപ്പെടുത്തി. ഇരുപത്തിരണ്ടുകാരനായ മുഹമ്മദ് ബിലാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ധാരാളം ഫോളോവേഴ്സ് ഉള്ള മുഹമ്മദ് ബിലാലിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ട്വിറ്ററില്‍ പ്രതിഷേധം ശക്തമായി. 

ഇസ്ലാമാബാദില്‍ ഞായറാഴ്ച രാത്രിയാണ് മുഹമ്മദ് ബിലാലിന്‍റെ മൃതദേഹം കണ്ടെത്തിയത്. അമ്മാവന്‍റെയൊപ്പം താമസിച്ചിരുന്ന ഇയാളെ എതിരാളി  വീടിന് സമീപമുള്ള കാട്ടിലേക്ക് കൊണ്ടുപോയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വനത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടെന്ന് സാക്ഷികള്‍ പൊലീസിനോട് പറഞ്ഞതായി പാക്കിസ്ഥാന്‍ പത്രമായ 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു. 

പ്രശസ്ത ബ്ലോഗെഴുത്തുകാരനും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മുഹമ്മദ് ബിലാലിന് ട്വിറ്ററില്‍ 16,000 ഫോളോവേഴ്സാണ് ഉള്ളത്. ഇയാളുടെ യൂട്യൂബ് ചാനലിന് 48,000 സബ്സ്ക്രൈബേഴ്സും ഫേസ്ബുക്കില്‍ 22,000 ഫോളോവേഴ്സുമാണ് ഉണ്ട്. പാക് സൈന്യത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന മുഹമ്മദ് ബിലാലിന്‍റെ കൊലപാതകത്തില്‍ പാക് സൈന്യത്തിനും ഐഎസ്ഐയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ #Justice4MuhammadBilalKhan എന്ന ഹാഷ് ടാഗുമായി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.