ലഡാക്കിൽ ഇന്ത്യാ-ചൈനാ അതിർത്തിയിൽ ഗൽവാൻ താഴ്‌വരയിൽ നടന്ന സംഘർഷങ്ങൾക്ക് ഒരു വർഷം തികഞ്ഞിരിക്കുകയാണ്. നടന്നിട്ട് കൊല്ലം ഒന്നായി എങ്കിലും, ഇതുവരെയും അവിടെ നടന്ന സംഭവവികാസങ്ങൾ ജനങ്ങൾക്ക് മുന്നിൽ കൃത്യമായി വിശദീകരിക്കപ്പെടുകയുണ്ടായിട്ടില്ല. ഈ സംഘർഷങ്ങളെക്കുറിച്ച് ഇന്നവശേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്. തുടങ്ങിയാൽ ഏതുവഴിക്ക് തിരിയുമെന്നോ എന്ന് തീരുമെന്നോ ഒരു ധാരണയുമില്ലാതെ, ഇങ്ങനെ ഇന്ത്യൻ സൈന്യവുമായി പോരാട്ടത്തിലേർപ്പെടാൻ  ചൈനയ്ക്ക് എങ്ങനെ ധൈര്യം വന്നു? അതോ തങ്ങളുടെ നിയന്ത്രണത്തിലേക്ക് പോരാട്ടമുണ്ടായാലും കാര്യങ്ങൾ വരും എന്ന് അവർ ധരിച്ചിരുന്നോ? ഗൽവാനിൽ ചൈനയ്ക്ക് പിണഞ്ഞത്, അവരുടെ വിദേശകാര്യ നയത്തിൽ ഈയടുത്ത കാലത്തുണ്ടായത്തിൽ വെച്ച്  ഏറ്റവും ഗുരുതരമായ പിഴവാണോ? കണക്കുകൂട്ടലിൽ ഉണ്ടായ ഈ പാലിച്ചാൽ അന്താരാഷ്ട്ര നയതന്ത്ര സമൂഹത്തിനു മുന്നിൽ പരിഹാസ്യരായി നിൽക്കുകയാണോ ചൈന? 

റിട്ട. ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈൻ എഴുതുന്നു.

ചൈനയുടെ അപ്രമാദിത്വം സത്യത്തിൽ പറഞ്ഞു പൊലിപ്പിച്ചു വച്ചിട്ടുള്ള ഒരു മിഥ്യയാണ്. ചൈനയിലെ സ്വേച്ഛാധിപത്യ ഭരണക്രമത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന പ്രഘോഷണങ്ങൾക്കിടയിൽ, 'ഒരു രാഷ്ട്രമെന്ന നിലയിൽ ചൈനയ്ക്കും പിഴവുകൾ പറ്റാം' എന്ന സത്യം വിസ്മരിക്കപ്പെടുന്നു. ചൈനയ്ക്ക് പലപ്പോഴും കുപ്രസിദ്ധി പോലും സമ്മാനിച്ചിട്ടുള്ള ഏറെ അക്രമോത്സുകമായ പ്രതിരോധനിലപാടുകളെപ്പറ്റി ചർച്ചകൾ ഉണ്ടാവാതിരിക്കാൻ ഷി ജിൻ പിംഗ് പരമാവധി ശ്രമിക്കാറുണ്ട്. കഴിഞ്ഞ ഒരു വർഷക്കാലമായി ചൈനയുടെ പ്രതിച്ഛായയിലുണ്ടായ ഇടിവിൽ ഷി ജിങ് ഇൻ അതൃപ്തനാണ്. എന്നാൽ, സ്ഥിതിഗതികൾ ഇവിടേക്ക് എത്തിച്ചേരും മുമ്പ്, ഏതൊരു വേദിയിലും ഷി ജിൻ പിങിന് ചൈനയുടെ സ്വാധീനത്തെക്കുറിച്ചും ,അധികാരത്തെക്കുറിച്ചും, അജയ്യതയെക്കുറിച്ചും, മേൽക്കോയ്മയെക്കുറിച്ചുമെല്ലാം മേനി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇന്ത്യയോട് സൗഹൃദത്തിന്റെ പാതയിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കെ തന്നെ സമാന്തരമായി നമ്മുടെ ദക്ഷിണേഷ്യൻ അയൽരാജ്യങ്ങളെയും സ്വാധീനിക്കാൻ ചൈന പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഈ ശ്രമങ്ങളാണ് അമേരിക്കയുമായുള്ള തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിന്ന് താൽക്കാലികമായെങ്കിലും പിന്നോട്ടടിക്കാൻ ഇന്ത്യൻ സർക്കാരിനെ നിർബന്ധിതമാക്കിയത്. 

സാങ്കേതിക വിദ്യകൊണ്ട് തങ്ങളോട് കിടപിടിക്കാനാവുന്ന രാജ്യങ്ങളോട്, ചൈന 1993 മുതൽ സ്വീകരിച്ചുവരുന്ന നയം, 'വളരെ ചുരുങ്ങിയ നേരത്തേക്ക് വളരെ കടുപ്പത്തിലുള്ള യുദ്ധത്തിലേർപ്പെടുക', അതിനുശേഷം ഏകപക്ഷീയമായി ആക്രമണം അവസാനിപ്പിക്കുക എന്നതാണ്. പത്തു വർഷത്തിന് ശേഷം, അതായത്, 2003 മുതൽ ചൈന, സൈബർ, ഡിജിറ്റൽ, ലീഗൽ  എന്നിങ്ങനെയുള്ള രംഗങ്ങളിൽ ഒരേസമയം ഒരു ത്രിതല യുദ്ധം അഴിച്ചു വിടുക എന്ന നയമാണ് സ്വീകരിക്കുന്നത്. തങ്ങളുടെ സുശക്തമായ സൈനിക ബലത്തെ നേരിട്ടുള്ള ഒരു സംഘർഷം ഒഴിവാക്കാനുള്ള ഒരു മാർഗം എന്ന നിലയ്ക്കാണ് ചൈന പലപ്പോഴും പ്രയോജനപ്പെടുത്തുന്നത്. 

ഈ സമയത്ത്, ലഡാക്കിൽ നടന്ന സംഭവങ്ങളെ വിശദീകരിക്കാൻ വേണ്ട മുന്നോട്ടുവരുന്ന സിദ്ധാന്തങ്ങൾ രണ്ടാണ്. ഒന്ന്, എന്റെ ലേഖനങ്ങളിൽ ഞാൻ പലവുരു ആവർത്തിച്ചിട്ടുള്ളത് പോലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ നയങ്ങളിൽ കാര്യമായ മാറ്റമുണ്ട്. മുൻകാലങ്ങളിൽ ഏറെ സൗമ്യമായ, പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രം പ്രതികരിക്കുന്ന ശൈലിയാണ് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നതെങ്കിൽ, മോദിക്ക് ശേഷം അത് ഏറെ അക്രമോത്സുകമായ,  പ്രശ്നങ്ങൾ ഉണ്ടാകും മുമ്പുതന്നെ വളരെ കൃത്യമായ രീതിയിൽ, വളരെ തന്ത്രപരമായി പ്രതികരിക്കുന്ന ഒരു രാഷ്ട്രമായി മാറിയിട്ടുണ്ട്. ഈയൊരു മാറ്റം, ചൈനയെ അസ്വസ്ഥമാക്കുന്ന ഒന്നാണ്. ഡോക്ലാമിൽ ഉണ്ടായ പ്രശ്നങ്ങൾ, അതിർത്തി കടന്നുചെന്നു ഇന്ത്യ നടത്തിയ സ്ട്രാറ്റജിക് സ്ട്രൈക്കുകൾ, ബാലക്കോട്ടിലെ പോരാട്ടങ്ങൾ, കശ്മീരിലെ ഓപ്പറേഷൻ ഓൾ ഔട്ട്, ആർട്ടിക്കിൾ 370  നീക്കം ചെയ്ത നടപടി എന്നിങ്ങനെ 2016 -നും 2019 -നും ഇടയിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നടപടികൾ സൂചിപ്പിക്കുന്നത്, കാലം ചെല്ലുന്തോറും ഇന്ത്യയുടെ നിലപാടുകൾ കൂടുതൽ കൂടുതൽ ആക്രമണോത്സുകമാകും എന്നുതന്നെയാണ്. അതുകൊണ്ട്, നിലവിലെ ഈ സാഹചര്യം ചൈനയുടെ താത്പര്യങ്ങൾക്ക് അത്ര ഹിതകരമാവാൻ സാധ്യത കാണുന്നില്ല. 
 
ചൈനയെ കരമാർഗവും കടൽമാർഗവും തങ്ങളുടെ ആക്രമണ പരിധിക്കുള്ളിൽ നിർത്താൻ വേണ്ടി അമേരിക്ക കഴിഞ്ഞ കുറേക്കാലമായി പണിപ്പെടുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യയുടെ നിർണായകമായ സ്ഥാനം കടലിനടിയിലൂടെയുള്ള കമ്യൂണിക്കേഷൻ ലൈനുകളിൽ(SLsOC) നമുക്ക് നൽകിയിട്ടുള്ള മുൻ‌തൂക്കം ചെറുതല്ല. ചൈന അടുത്തിടെ തുടങ്ങിയ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യയേറ്റിവിനോട് സഹകരിക്കാൻ ഇന്ത്യൻ വിസമ്മതിച്ചതും ചൈനയ്ക്ക് അനിഷ്ടമുണ്ടാക്കിയ ഒരു കാര്യമാണ്. 

കഴിഞ്ഞ വർഷം വുഹാനിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ മുതൽ ചൈന നടത്തിയ പ്രതിരോധ/ദുരിതാശ്വാസ ശ്രമങ്ങളെ വാഴ്ത്തിപ്പാടാൻ മാത്രമാണ് യൂറോപ്യൻ രാജ്യങ്ങൾ ശ്രമിച്ചിട്ടുള്ളത്. കൊവിഡിന്റെ ആദ്യ തരംഗം ഇന്ത്യയിൽ അലയടിച്ച സമയത്താണ്, ചൈന ലഡാക്കിലെ അതിർത്തിയിലേക്ക് തങ്ങളുടെ പരിശീലനത്തിലിരുന്ന ഒരു സൈനികദളത്തെ പറഞ്ഞയച്ച് അവിടെ ഇന്ത്യയുമായി സംഘർഷമുണ്ടാക്കാൻ ശ്രമിച്ചത്, . ഇന്ത്യ കൊവിഡിൽ പെട്ടുഴലുന്ന സമയം തന്നെ ചൈന ഇങ്ങനെ ഒരു പ്രകോപനത്തിന് വേണ്ടി തിരഞ്ഞെടുത്തത് യാദൃച്ഛികമാകാനിടയില്ല. ആക്രമണത്തിന് തിരഞ്ഞെടുത്ത സമയം, അതിൽ ഉപയോഗിച്ച പ്രാകൃതമായ ആയുധങ്ങൾ എല്ലാം തന്നെ, തങ്ങളുടെ ഈ നടപടി മുൻകൂട്ടി പ്ലാൻ ചെയ്തു നടപ്പിൽ വരുത്തിയ ഒന്നല്ല എന്നുള്ള പ്രതീതി സൃഷ്ടിക്കാൻ വേണ്ടി മാത്രമായിരുന്നു എന്നുവേണം കരുതാൻ.

ഇങ്ങനെ ചൈനയെപ്പോലെ മറ്റുരാജ്യങ്ങളുടെ മണ്ണിലേക്ക് കടന്നുകയറി പ്രകോപനം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ എല്ലാം നയം ഒന്നുതന്നെയാണ്. അവർ ചെയ്യുന്നതെന്തിനും ഒരു ഗൂഢലക്ഷ്യമുണ്ടാവും. ഒന്നും മനസ്സിൽ കാണാതെ, ആകസ്മികമായ പ്രകോപനത്തിന്റെ പുറത്ത് എന്തെങ്കിലും പ്രവർത്തിക്കുന്ന പതിവ് അവർക്കില്ല. ഇങ്ങനെ ഒരു പ്രവൃത്തിയിലൂടെ ചൈന ലക്ഷ്യമിട്ടതെന്ത് എന്നത് ഇപ്പോഴും നിഗൂഢമായി തന്നെ തുടരുകയാണ് എങ്കിലും, സസൂക്ഷ്മമായ വിശകലനങ്ങൾ ചില സൂചനകൾ നൽകാതിരിക്കുന്നില്ല. 

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ മേഖലയിലെ ഒരു ശക്തിയായി വളർന്നുവന്നതും, മറ്റുരാജ്യങ്ങളോടുള്ള നിലപാടിൽ അതുകൊണ്ടുണ്ടായ മാറ്റങ്ങളും പരിഗണിച്ചാൽ, ഇന്ത്യയുടെ ആത്മവിശ്വാസം തച്ചു തകർക്കുക എന്നതുതന്നെയാണ് ചൈനയുടെ പ്രഥമ ലക്‌ഷ്യം. ഇന്ത്യയെ സാമ്പത്തികമായി വർഷങ്ങൾ പിന്നോട്ടടിപ്പിക്കുക, ഇൻഡോ പസിഫിക് മേഖലയിൽ അമേരിക്കയുമായി ഉണ്ടായേക്കാവുന്ന സഹകരണങ്ങൾ മരവിപ്പിക്കുക എന്നിങ്ങനെ പല ഗൂഢ ലക്ഷ്യങ്ങളും ചൈനക്ക് വേറെയുമുണ്ട്. ഇങ്ങനെയുള്ള രാഷ്ട്രീയ നയതന്ത്ര ലക്ഷ്യങ്ങൾ സൈനിക തലത്തിലെ നടപടികൾ കൊണ്ട് നേടിയെടുക്കുക എന്നതിലാണ് ചൈന ഇപ്പോൾ  ദയനീയമായ പരാജയം രുചിച്ചിട്ടുള്ളത്. ഇന്ത്യൻ മണ്ണിലേക്ക് കാൽനടയായി നുഴഞ്ഞു കയറിക്കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാൻ പട്ടുമെന്നുള്ള തെറ്റിദ്ധാരണ എങ്ങനെയാണ് ചൈനീസ് സൈന്യത്തിനുണ്ടായത് എന്ന് നിശ്ചയമില്ല. കാരണം, കഴിഞ്ഞ പത്തുവർഷമായി ഇത്തരം നീക്കങ്ങൾ അയൽരാജ്യങ്ങളുടെ ഭാഗത്തുനിന്ന് കണ്ടു ശീലിച്ചിട്ടുള്ള ഇന്ത്യൻ സൈന്യത്തിന്, അതിനെയൊക്കെ നേരിടാനുള്ള കിറുകൃത്യമായ നടപടിക്രമങ്ങളും നിലവിലുണ്ട്. 

ചൈന ഇപ്പോൾ ചെയ്തിട്ടുള്ളത്, ഇതുപോലെ അതിക്രമിച്ചു കയറുന്ന രാജ്യങ്ങൾ എല്ലാം തന്നെ പതിവായി ചെയ്തു പോന്നിട്ടുള്ള കാര്യങ്ങൾ മാത്രമാണ്. സൈനികമായി തങ്ങൾക്കുണ്ടായിരുന്ന വഴികളിൽ ഏറ്റവും ഗുണകരമായത് എന്ന് അവർക്ക് തോന്നിയത് അവർ ചെയ്തു. വേണമെങ്കിൽ, ലഡാക്കിൽ ആക്രമണം കടുപ്പിച്ചുകൊണ്ട്, ഇന്ത്യയുമായുള്ള വടക്കൻ അതിർത്തികൾ ഒന്നടങ്കം ഒരേസമയം അവർക്ക് അക്രമിക്കാമായിരുന്നു. എന്നാൽ, യുദ്ധത്തിൽ എത്രകാലത്തിനുള്ളിൽ ഒരു വിജയം നേടാനാകും എന്നത് ഉറപ്പിക്കാനാവാത്തതുകൊണ്ട്, അങ്ങനെ ചെയ്യുന്നത് തങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ല എന്ന ബോധ്യം ചൈനയ്ക്കുണ്ട്. കൂടുതൽ എളുപ്പം, ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിക്കൊണ്ട് ഒരു സംഘർഷഭരിതമായ അതിർത്തി സാഹചര്യം ഇന്ത്യയുമായി എന്നെന്നേക്കുമായി നിലനിർത്തിക്കൊണ്ടു പോവുന്നത് തന്നെയാണ്. ഇന്ത്യയെ സൈനികമായി എങ്ങനെയൊക്കെ പ്രകോപിപ്പിച്ചാലും അത് തങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ പാടെ വിച്ഛേദിക്കില്ലെന്നുള്ള ആത്മവിശ്വാസം ചൈനയ്ക്കുണ്ട്. ഇപ്പോൾ ലഡാക്കിൽ നടത്തിയതുപോലെയുള്ള കുറഞ്ഞ തോതിലുള്ള ആക്രമണങ്ങൾ നടത്തിയാൽ തന്നെ ഇന്ത്യയുടെ ചൈനയ്ക്ക് ഗുണകരമല്ലാത്ത വിദേശ നയങ്ങളിൽ ഒരു അയവുണ്ടാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. 

എന്തായാലും ഇപ്പോൾ നമ്മുടെ അതിർത്തിയിൽ ഇങ്ങനെ ഒരു നേർക്കുനേർ പോരാട്ടത്തിലേർപ്പെടാൻ ഇന്ത്യക്ക് താത്പര്യമില്ല. ഇപ്പോൾ ലഡാക്കിൽ നടന്നിട്ടുള്ളത് അമേരിക്കയുമായുള്ള കരാറുകളിൽ മുന്നോട്ടു പോയാൽ എന്തൊക്കെ ഇനിയും പ്രതീക്ഷിക്കാം എന്നതിന്റെ ഒരു ട്രെയിലർ മാത്രമാകാനാണ് സാധ്യത. ഹിമാലയത്തിൽ ഒരു മുഴുയുദ്ധമുണ്ടായാൽ അവിടെ ഇന്ത്യൻ സൈന്യത്തെ സഹായിക്കാൻ അമേരിക്കയടക്കം ആരുമുണ്ടാവില്ല എന്ന സന്ദേശമാണ് ചൈന നൽകാൻ ശ്രമിക്കുന്നത്. എന്തിന്, ഈ കൊവിഡ് എന്ന മഹാമാരി പോലും ഇന്ത്യയെയും, അമേരിക്കയെയും, യൂറോപ്പിനെയും ചൈനയുടെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചുകൊണ്ടു കാലേകൂട്ടി പ്ലാൻ ചെയ്തു നടപ്പിലാക്കിയ ഒരു പദ്ധതിയാകാം എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയെ മാത്രം സൈനികമായും ആക്രമിച്ചത്, അങ്ങനെ ചെയ്താലും ഈ മഹാമാരിക്കാലത്ത് നയതന്ത്ര, വ്യാപാര തലങ്ങളിൽ ഒരു പ്രത്യാഘാതവും അതുണ്ടാക്കില്ല എന്നുള്ള ധാരണാപ്പുറത്താണ്. 

ചൈന ഇത് എത്രയൊക്കെ മുൻ‌കൂർ ആലോചിച്ചുറപ്പിച്ചു നടപ്പിലാക്കിയ പദ്ധതികളായിരുന്നിട്ടും, അത് നടപ്പിലാക്കുന്ന പതിനൊന്നാം മണിക്കൂറിൽ ഉണ്ടായേക്കാവുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാൽ സംഗതി ലക്‌ഷ്യം കാണാതെ പോയി.   ഈ കടന്നു കയറ്റങ്ങൾ മറ്റൊരു അതിർത്തി പ്രദേശത്ത് ചൈന ആവർത്തിച്ച ഒരു ഡോക്ലാം മാത്രമായി അങ്ങ് തീർന്നു പോയിരുന്നേനെ. പക്ഷേ, ആ ഘട്ടത്തിലാണ് ഗൽവാൻ താഴ്വരയിലെ സംഘർഷങ്ങളുണ്ടാകുന്നത്. 2020 ജൂൺ 15-16 സമയത്ത് ചൈനീസ് സൈന്യം താഴ്‌വരയിൽ പ്രവർത്തിച്ച കാര്യങ്ങൾക്ക് ഒരു ന്യായീകരണവും ചമയ്ക്കാൻ സാധിക്കില്ല. നിലവിലെ സംഘർഷങ്ങൾക്കിടയിൽ കുറേക്കൂടി ശക്തമായ ഒരു താക്കീത് നൽകുക മാത്രമാകും ചൈന ഉദ്ദേശിച്ചത്. അവരുടെ ഉദ്ദേശ്യം എന്തുതന്നെ ആയിരുന്നാലും കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ കൈ വിട്ടുപോയി. ആ സംഘർഷം തങ്ങൾ വിചാരിച്ചിടത്ത് നിർത്താൻ ചൈനീസ് സൈനികർക്ക് സാധിച്ചില്ല. ഇരു പക്ഷത്തും അവഗണിക്കാനാവാത്ത രീതിയിലുള്ള ആൾനാശമുണ്ടായി. 1975 നു ശേഷം ഒരു വെടിയുണ്ട പോലും പാഞ്ഞിട്ടില്ലാത്ത ലഡാക്കിലെ അതിർത്തി അതോടെ ചോരക്കളമായി. മുകളിൽ നിന്ന് കിട്ടിയ ഉത്തരവുകളിലെ അവ്യക്തതയോ, പരിശീലനത്തിന്റെ അഭാവമോ, ഉത്തരവുകൾ നടപ്പിലാക്കിയതിൽ വന്ന ആശയക്കുഴപ്പമോ - ചൈനീസ് സൈന്യത്തിന്റെ പതിവ് പോരായ്മകളിൽ ഏതുതന്നെ ഇക്കാര്യത്തിൽ പ്രതികൂലമായി ബാധിച്ചു എങ്കിലും, സാഹചര്യം വളരെ പെട്ടെന്നുതന്നെ കൈവിട്ടുപോയി. 


ഇങ്ങനെ ഒരു സംഘർഷമുണ്ടായാൽ ഉടനടി ഇരുപക്ഷത്തു നിന്നും സേനയെ പിൻവലിക്കുക എന്നതാണ് അനുയോജ്യമായ നടപടി. അവിടെയും ചൈനയുടെ ദുരുദ്ദേശ്യങ്ങൾ വിലങ്ങുതടിയായി. പിൻവലിക്കുന്നതിന് പകരം അവർ ചെയ്തത്, ഡെപ്‌സാങ്, ഗോഗ്ര, ഹോട്ട് സ്പ്രിങ്സ്, ഫിംഗേഴ്‌സ് കോംപ്ലെക്സ് എന്നിവിടങ്ങളിൽ തങ്ങളുടെ സൈനിക സാന്നിധ്യം പലമടങ്ങായി വർധിപ്പിക്കുകയാണ്. ഈ നടപടിയും ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ഒരു വീഴ്ചയാണ്. ഈ നടപടികളോട് പ്രതികരിച്ചുകൊണ്ടാണ് ഇന്ത്യൻ സൈന്യവും കൈലാസ റേഞ്ചിന് സമാന്തരമായി, ദുങ്ങ്തി, ഡെംചോക്ക് എന്നീ ഭാഗങ്ങളിലേക്ക് തങ്ങളുടെ ഭടന്മാരെ കൂടുതലായി വിന്യസിച്ചത്. 

ഈ സമയത്തും അവർ  ചുഷുൽ-മോൾഡോ ഹൈറ്റ്സിനെ ഒരു ഭീഷണിയായി കണ്ടില്ല. കിട്ടിയ അവസരം മുതലെടുത്ത് ഇന്ത്യൻ സൈന്യം പ്രതികരിക്കും എന്ന് അവർ പ്രതീക്ഷിച്ചില്ല. 2020 ഓഗസ്റ്റ് ആയപ്പോഴേക്കും ഇന്ത്യൻ സൈന്യം ആർമർ, ഇൻഫൻട്രി പോരാട്ടവാഹനങ്ങളുടെ ഒരു പ്രതിരോധ നിര കെട്ടിപ്പടുക്കുന്നു.  ഈ ബാക്ക് അപ്പിന്റെ ബലത്തിൽ ഇന്ത്യൻ സൈനികർ 2020 ഓഗസ്റ്റ് 29-30 തീയതികളിൽ അതിർത്തി രേഖയുടെ ഇന്ത്യൻ ഭാഗത്ത് തന്നെയുള്ള ചുഷുൽ-മോൾഡോയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നു. അതിനോട് ചൈനീസ് സൈന്യത്തിന്റെ പ്രതികരണം അന്നുണ്ടായി എങ്കിലും, ഇന്ത്യൻ സൈനികർ തങ്ങൾ പിടിച്ചെടുത്ത നിർണായകമായ പോയന്റുകൾ പിന്നീട് വിട്ടുകൊടുക്കാതെ കാത്തുരക്ഷിച്ചു. ഇങ്ങനെ ചുഷുൽ ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യൻ സൈന്യത്തിന്റെ നീക്കമുണ്ടാവും എന്ന് പ്രവചിക്കാനാവാതെ പോയതാണ് ചൈനീസ് സൈന്യത്തിന്റെ പരാജയം. പ്രവിശ്യയിലെ ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധപരിചയവും പരിശീലന മികവും മുന്നോട്ടുവെക്കുന്ന ഒരു സംഭവം കൂടിയായി അത് മാറി.  ചൈനീസ് സൈനിക നേതൃത്വത്തെ ഒരു അന്ധാളിപ്പിലേക്ക് തള്ളിവിടാനും ഈ നീക്കങ്ങൾ കൊണ്ട് ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. 

ഈ സംഭവങ്ങൾക്ക് ശീതയുദ്ധാനന്തരം 1990-91 കാലത്ത് അതിർത്തിയിലുണ്ടായ സമാന സംഭവങ്ങളുമായുള്ള സാമ്യം അവഗണിക്കാവുന്നതല്ല. ലഡാക്ക് പോലുള്ള 'ഹൈ-അൾട്ടിട്യൂഡ്' പ്രവിശ്യകളിൽ പ്രതിരോധവും, വേണ്ടി വന്നാൽ ആക്രമണവും എന്ന ശൈലിയിലേക്ക് ഇന്ത്യ മാറേണ്ടതിന്റെ, വീമ്പടികൾക്ക് പകരം സൈനികശേഷിയിലൂടെ തന്നെ മറുപടി നൽകേണ്ടതിന്റെ പ്രസക്തിയിലേക്കാണ് ലഡാക്കിലുണ്ടായ സംഘർഷങ്ങൾ വിരൽ ചൂണ്ടുന്നത്. അമേരിക്കയുമായി അന്താരാഷ്ട്ര തലത്തിലും ചൈനയുമായി പ്രാദേശിക താളത്തിലുമുള്ള ബന്ധങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിവരാൻ, സാഹചര്യങ്ങൾ മാറാൻ വളരെയധികം സമയമെടുത്തു എന്നുവരാം. സൈനിക തലത്തിലും രാഷ്ട്രീയ തലത്തിലും നയതന്ത്ര തലത്തിലുമൊക്കെയുള്ള നിരവധി ചർച്ചകൾ അതിനു വേണ്ടിവന്നു എന്നും വരാം. അതൊക്കെയും പുരോഗമിക്കുക, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്ര വേഗത്തിലാണ് കാര്യങ്ങൾ മുന്നോട്ടു നീക്കാൻ ഉദ്ദേശിക്കുന്നത് എന്നതിനെ ആശ്രയിച്ചാകും.