Asianet News MalayalamAsianet News Malayalam

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ സംസ്കരിച്ചത് കടലിലെന്ന് യുഎസ് സൈന്യം

മൃതദേഹം മറവുചെയ്തത് എപ്പോഴാണെന്നോ എവിടെയാണെന്നോ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അല്‍ഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ലാദനെ 2011 ല്‍  കടലില്‍ സംസ്കരിച്ചതിന് സമാനമായാണ്...

body of abu bakr al baghdadi buried in sea says us military
Author
Washington, First Published Oct 29, 2019, 1:53 PM IST

വാഷിംഗ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മൃതദേഹം കടലില്‍ സംസ്കരിച്ചുവെന്ന് യുഎസ് സൈന്യം. സിറിയയിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയ ബാഗ്ദാദിയെ കൊന്നുകളഞ്ഞതായി യുഎസ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്കരിച്ചത് കടലിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. 

മൃതദേഹം മറവുചെയ്തത് എപ്പോഴാണെന്നോ എവിടെയാണെന്നോ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അല്‍ഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ലാദനെ 2011 ല്‍  കടലില്‍ സംസ്കരിച്ചതിന് സമാനമായാണ് ബാഗ്ദാദിയുടെയും സംസ്കാരം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

മൃതദേഹം മറവുചെയ്തുവെന്നും അത് ഉചിതമായി തന്നെ പൂര്‍ത്തിയാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കിയതായി ന്യൂസ് ഏജന്‍സിയായ എഎഫ്‍പി  റിപ്പോര്‍ട്ട് ചെയ്തു. മറവ് ചെയ്തത് യുഎസ് സൈന്യത്തിന്‍റെ നടപടിക്രമങ്ങളിലൂടെയാണെന്നും അവര്‍ വ്യക്തമാക്കി. 

ഐഎസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആണ് ലോകത്തെ അറിയിച്ചത്. സിറിയയിലെ അമേരിക്കൻ സൈനിക നടപടിക്കിടയിൽ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ട്രംപ് അറിയിക്കുകയായിരുന്നു. 

കൊലപാതകത്തില്‍ അവകാശവാദവുമായി കുര്‍ദ്ദുകളും

പൂര്‍ണ്ണമായും അമേരിക്കന്‍ നടപടിയിലൂടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടത് എന്ന് ട്രംപ് അടക്കം അവകാശപ്പെടുന്നെങ്കിലും ഈ ദൗത്യത്തില്‍ അവകാശവാദവുമായി സിറിയയിലെ കുര്‍ദ്ദുകളും രംഗത്തുണ്ട്. ക്രഡിറ്റ് മുഴുവന്‍ തങ്ങള്‍ക്കാണെന്നാണ് സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സ് (എസ്ഡിഎഫ്) അവകാശപ്പെടുന്നത്. വടക്കന്‍ സിറിയയിലെ ബാഗ്ദാദിയുടെ താമസസ്ഥലം കണ്ടെത്തിയതും വിവരങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന് കൈമാറിയതും തങ്ങളായിരുന്നു എന്ന് എസ്ഡിഎഫ് പറയുന്നു. 

കൊടുംഭീകരനെ കുടുക്കാന്‍ കുര്‍ദ്ദുകള്‍ തങ്ങളുടെ അതി സമര്‍ത്ഥനായ ഒരാളെ ബാഗ്ദാദിയുടെ സംഘത്തില്‍ ചാരനായി നിയോഗിച്ചു. അടിക്കടി താവളം മാറുമായിരുന്ന ബാഗ്ദാദി കൊല്ലപ്പെടുമ്പോള്‍ തുര്‍ക്കി അതിര്‍ത്തിയിലെ ജറാബ്‌ളസിലേക്ക് താമസം മാറ്റാനുള്ള നീക്കത്തിലായിരുന്നു.  സിഐഎയുമായി യോജിച്ചു പ്രവര്‍ത്തിച്ചുവരികയായിരുന്ന എസ്ഡിഎഫ് മെയ് 15 മുതല്‍ ബാഗ്ദാദിക്ക് മേല്‍ കനത്ത നിരീക്ഷണം വെച്ചിരുന്നു. ഇവരുടെ നാലു ചാരന്മാരില്‍ ഒരാള്‍ക്ക് ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ എത്താന്‍ കഴിഞ്ഞു. 

ഇയാളാണ് ഡിഎന്‍എ പരിശോധന സാധ്യമാക്കാന്‍ ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് നല്‍കിയത്.  ഒരു മാസം മുമ്പ് മുതല്‍ ബാഗ്ദാദിയെ തകര്‍ക്കാനുള്ള ഓപ്പറേഷന് അമേരിക്ക തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കിലും സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍ വലിക്കാനുള്ള ട്രംപിന്‍റെ തീരുമാനം മൂലം എല്ലാം വൈകുകയായിരുന്നു. 

ട്രംപിന്‍റെ തീരുമാനം കുര്‍ദ്ദുകള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. തുര്‍ക്കി സേന കുര്‍ദ്ദ് മേഖലയിലേക്ക് ശക്തമായ സൈനിക നീക്കം നടത്തി. ഇത് ബാഗ്ദാദിയെ നിരീക്ഷിക്കുകയും രഹസ്യവിവരം ശേഖരിക്കുകയും ചെയ്തിരുന്ന ജോലികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കി. എസ്ഡിഎഫിന്‍റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇഡ്‌ലിബ് പ്രവിശ്യയില്‍ ബാഗ്ദാദിയുണ്ടെന്ന വിവരം നല്‍കിയത്. 

ഡിഎന്‍എ പരിശോധന നടത്തി ഉറപ്പുവരുത്തിയെന്ന് അമേരിക്ക

വടക്കന്‍ സിറിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് കടക്കാന്‍ ബാഗ്ദാദി ഒരുങ്ങുമ്പോഴാണ് അമേരിക്കന്‍ സൈന്യം പിടികൂടിയതും കൊലപ്പെടുത്തിയതും. കൊലപ്പെടുത്തിയ ശേഷം 15 മിനുട്ടില്‍ തങ്ങള്‍ക്ക് ലഭിച്ച സമ്പിള്‍ വച്ച് ബാഗ്ദാദിയുടെ ഡിഎന്‍എ മാച്ച് ചെയ്ത് മരിച്ചത് ബാഗ്ദാദി തന്നെയാണെന്ന് അമേരിക്കന്‍ കമാന്‍റോ സംഘം ഉറപ്പുവരുത്തി. പിന്നീട് ഒസാമ ബിന്‍ ലാദന്‍റെ ശരീരം പോലെ നടുക്കടലില്‍ ആരും തേടിച്ചെല്ലാത്ത ഇടത്ത്  ബാഗ്ദാദിയുടെ മൃതദേഹം അമേരിക്ക അടക്കിയെന്നാണ് റിപ്പോര്‍ട്ട്.
 

Follow Us:
Download App:
  • android
  • ios