സുരക്ഷാ പരിശോധന പൂർത്തിയാവാതെ ഈ വിഭാഗത്തിലെ വിമാനങ്ങൾ സർവ്വീസ് പുനരാരംഭിക്കില്ലെന്ന് വ്യോമയാന ഏജന്‍സി നിലപാട് കടുപ്പിച്ചിട്ടുള്ളത്

പോർട്ട്ലാന്റ്: ബോയിംഗ് 737 മാക്സ് 9 വിമാനങ്ങളിലെ അമേരിക്കന്‍ വ്യോമയാന റെഗുലേറ്ററിന്റെ പരിശോധന തുടരുന്നു. 171 ബോയിംഗ് വിമാനങ്ങളാണ് അമേരിക്കൻ വ്യോമയാന ഏജൻസി നിർദ്ദേശം അനുസരിച്ച് സർവ്വീസ് നിർത്തലാക്കി സുരക്ഷാ പരിശോധന ആരംഭിച്ചത്. വെള്ളിയാഴ്ച അലാസ്കാ എയർലൈനിന്റെ ഒരു ഭാഗം അടർന്നതിന് പിന്നാലെയാണ് സുരക്ഷാ പരിശോധന ആരംഭിച്ചത്. ആളുകൾക്ക് സുരക്ഷിതമായ സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് പരിശധനകളുടെ ലക്ഷ്യമെന്നാണ് അമേരിക്കൻ വ്യോമയാന ഏജൻസി വിശദമാക്കുന്നത്.

അമേരിക്കയിലെ വിവിധ വിമാനക്കമ്പനികളുടെ ഈ വിഭാഗത്തിലെ വിമാനങ്ങൾ പരിശോധനയ്ക്കായി സർവ്വീസ് നിർത്തലാക്കിയതോടെ ആയിര കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. സുരക്ഷാ പരിശോധന പൂർത്തിയാവാതെ ഈ വിഭാഗത്തിലെ വിമാനങ്ങൾ സർവ്വീസ് പുനരാരംഭിക്കില്ലെന്ന് വ്യോമയാന ഏജന്‍സി നിലപാട് കടുപ്പിച്ചിട്ടുള്ളത്. യുണൈറ്റഡ് എയർലൈന്‍, അലാസ്ക, ടർക്കിഷ്, കോപാ, എയറോമെക്സിക്കോ എന്നിവ അടക്കമുള്ള കമ്പനികളുടെ ബോയിംഗ് വിമാനങ്ങളാണ് പരിശോധനയ്ക്കായി സർവ്വീസ് നിർത്തലാക്കിയിരിക്കുന്നത്. അലാസ്കാ എയർലൈനിന്റെ മാത്രം 65 വിമാനങ്ങളാണ് താൽക്കാലികമായി സർവ്വീസ് നിർത്തലാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ടേക്ക് ഓഫിന് പിന്നാലെ 171 യാത്രക്കാരെയുമായി പോർട്ലാന്റിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ഡോര്‍ ഇളകിത്തെറിച്ചതിന് പിന്നാലെ എമർജന്‍സി ലാന്‍റിംഗ് നടത്തിയിരുന്നു. 16,000 അടി ഉയരത്തില്‍ എത്തിയ ശേഷമാണ് വിമാനം തിരിച്ചിറക്കിയതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വെബ്‍സൈറ്റുകള്‍ ലഭ്യമാക്കുന്ന വിവരം. 2023 നവംബര്‍ 11 മുതല്‍ സര്‍വീസ് തുടങ്ങി. ഇതുവരെ 142 യാത്രകള്‍ നടത്തിയ വിമാനത്തിലാണ് ആകാശമധ്യേ അതീവ ഗുരുതരമായ സുരക്ഷാ പ്രശ്നമുണ്ടായത്. അലാസ്ക എയർലൈൻസ് അപകടത്തിനു പിന്നാലെ ബോയിംങ് വിമാനങ്ങളിൽ പരിശോധന നടത്താൻ ഡിജിസിഎയും ഉത്തരവിട്ടിരുന്നു. എമർജൻസി എക്സിറ്റുകളിൽ ഒറ്റ തവണ പരിശോധന പൂർത്തിയാക്കാൻ ആഭ്യന്തര വിമാനങ്ങൾക്ക് നിർദേശം നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം