ബൊക്കൊ ഹറാമിന്റെ ആക്രമണത്തില്‍ വിശ്വാസികളും മരിക്കുന്നുവെന്ന ഐഎസിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് തലവന്‍ അബൂബക്കര്‍ ഷെക്കോവിനെ വധിച്ചത്. കഴിഞ്ഞ മാസങ്ങളില്‍ ബുര്‍ക്കിന ഫാസോ അടക്കമുള്ള രാജ്യങ്ങളില്‍ സമാനതകളില്ലാത്ത ക്രൂരതയാണ് ബൊക്കൊ ഹറാം നടത്തിയത്. സംഘടനയുടെ ആക്രമണത്തില്‍ നിരവധി വിശ്വാസികളും കൊല്ലപ്പെട്ടെന്നാണ് ഐഎസിന്റെ നിഗമനം. 

നൈജീരിയന്‍ ഭീകരവാദ സംഘടനയായ ബൊക്കോ ഹറാമിന്റെ തലവന്‍ അബൂബക്കര്‍ ഷെക്കോവിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക് സ്റ്റേറ്റിന്റെ(ഐഎസ്) നിര്‍ദേശ പ്രകാരമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് അബൂബക്കര്‍ ഷെക്കോവ് സ്‌ഫോടനത്തില്‍ മരിച്ചത്. തിങ്കളാഴ്ചയാണ് അബൂബക്കര്‍ ഷെക്കോ മരിച്ചതായി ബൊക്കോ ഹറാം സ്ഥിരീകരിച്ചത്. ഐഎസിന്റെ ആഫ്രിക്കന്‍ വിഭാഗമായ ഇസ്ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രവിശ്യയിലെ(ഇസ്വാപ്) ഭീകരവാദികളാണ് ഇയാളെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയത്. പശ്ചിമേഷ്യയിലെ ഐഎസ് നേതാക്കളുടെ നേരിട്ടുള്ള ഉത്തരവിനെ തുടര്‍ന്നായിരുന്നു കൊലപാതകം. 

ബൊക്കൊ ഹറാമിന്റെ ആക്രമണത്തില്‍ വിശ്വാസികളും മരിക്കുന്നുവെന്ന ഐഎസിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് തലവന്‍ അബൂബക്കര്‍ ഷെക്കോവിനെ വധിച്ചത്. കഴിഞ്ഞ മാസങ്ങളില്‍ ബുര്‍ക്കിന ഫാസോ അടക്കമുള്ള രാജ്യങ്ങളില്‍ സമാനതകളില്ലാത്ത ക്രൂരതയാണ് ബൊക്കൊ ഹറാം നടത്തിയത്. സംഘടനയുടെ ആക്രമണത്തില്‍ നിരവധി വിശ്വാസികളും കൊല്ലപ്പെട്ടെന്നാണ് ഐഎസിന്റെ നിഗമനം. ഇസ്വാപ് നേതാവ് അബു മുസബ് അല്‍-ബര്‍വാനിയുടെ ഓഡിയോ ടേപ്പ് ഉദ്ധരിച്ച് പ്രാദേശിക ന്യൂസ് വെബ്‌സൈറ്റാണ് അബൂബക്കര്‍ ഷെക്കോവിന്റെ മരണം ഐഎസ് നിര്‍ദേശത്തിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ദ ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തു. 

ഐഎസിന്റെ പുതിയ തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറാഷിയുടെ നേരിട്ടുള്ള നിര്‍ദേശത്തിലാണ് അബൂബക്കര്‍ ഷെക്കോവിനെ വധിച്ചതെന്ന് ഓഡിയോ ടേപ്പില്‍ പറയുന്നു. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ബൊക്കൊ ഹറാമില്‍ നിന്ന് അബു മുസബ് അല്‍-ബര്‍വാനി വിഭാഗം വിട്ടുപോയിരുന്നു. പിന്നീട് ഷൊക്കോ വിഭാഗത്തെ നിയന്ത്രിക്കാനാകാത്തതോടെ ബര്‍വാനി വിഭാഗത്തെ ഐഎസ് അവരുടെ ഭാഗമാക്കി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഏറെ തലവേദനയുണ്ടാക്കിയ നേതാവാണ് അബൂബക്കര്‍ ഷെക്കോ. ഇയാളെ പിടികൂടാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും നടന്നില്ല. 

ഇസ്വാപിന്റെ ആദ്യ ആക്രമണത്തില്‍ ഷെക്കോ സാംബിസ വനമേഖലയില്‍ നിന്ന് രക്ഷപ്പെട്ടു. അഞ്ച് ദിവസം ഷെക്കോ ഒളിച്ചിരുന്നു. കണ്ടെത്തിയപ്പോള്‍ വീണ്ടും രക്ഷപ്പെടാന്‍ ശ്രമിച്ചു. കീഴടങ്ങാനുള്ള നിര്‍ദേശം പാലിക്കാന്‍ ഷെക്കോ തയ്യാറായില്ല. തുടര്‍ന്നാണ് കൊലപാതകം നടന്നത്. ഷെക്കോവിന്റെ നേതൃത്വത്തിലാണ് 2014ല്‍ 300 കോളേജ് വിദ്യാര്‍ത്ഥികളെ ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയത്. ഈ സംഭവം ആഗോള ശ്രദ്ധ നേടിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona