ടെഹ്‌റാന്‍: വ്യാജ പ്രചാരണം വിശ്വസിച്ച് കൊറോണ പ്രതിരോധിക്കാന്‍ മാതാപിതാക്കള്‍ മദ്യം നല്‍കിയ കുഞ്ഞ് കോമാ അവസ്ഥയില്‍. കുഞ്ഞിന്‍റെ കാഴ്ചശക്തിയും നഷ്ടമായി.  ഇറാനിലാണ് സംഭവം. ഗുരുതരാവസ്ഥയിലുള്ളകുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്നതില്‍ വ്യക്തമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു വയസിന് താഴെയാണ് കുട്ടിയുടെ പ്രായം എന്നാണ് റിപ്പോര്‍ട്ട്. 

കൊറോണയെ പ്രതിരോധിക്കാന്‍ മദ്യം നല്ലതാണെന്ന് വീടിനു സമീപത്തുള്ള ചിലര്‍ പറഞ്ഞിരുന്നു. ഇതു വിശ്വസിച്ചാണ് ഇവര്‍ കുഞ്ഞിന് മദ്യം നല്‍കിയതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇനിയെങ്കിലും കേട്ടുകേള്‍വികളില്‍ വിശ്വസിക്കാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അനുസരിച്ചുമാത്രം പ്രവര്‍ത്തിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേ സമയം കൊറോണയെ തടയാന്‍ മദ്യം നല്ലതാണ് എന്ന പ്രചരണത്തില്‍ വിശ്വസിച്ച് ഇറാനില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് സ്റ്റേറ്റ് വാര്‍ത്ത ഏജന്‍സി ഐആര്‍എന്‍എ തന്നെ കഴിഞ്ഞ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1979 മുതല്‍ ഇറാനില്‍ മദ്യം നിരോധിത വസ്തുവാണെങ്കിലും വ്യാജമദ്യ ഉത്പാദനം ഇവിടെ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. ഇത് ഗുണനിലവാരമില്ലാത്ത നിര്‍മ്മാണങ്ങള്‍ ആയതിനാല്‍ തന്നെ അപകട സാധ്യത ഏറെയാണ്.

കൊറോണ ബാധയ്ക്ക് ശേഷം വിഷമദ്യം കഴിച്ച് 12 പേരോളം മരണപ്പെട്ടെന്നും, ഇതുവരെ 218 പേര്‍ കൂസിസ്ഥാന്‍ പ്രവിശ്യയില്‍ മാത്രം ആശുപത്രിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാനില്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന സന്ദേശ കൈമാറ്റ സംവിധാനമായ ടെലഗ്രാമിലൂടെ മദ്യം കൊറോണയ്ക്ക് നല്ലതാണ് എന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.