ബെയ്ജിങ്: മേലധികാരികളില്‍ നിന്നും മികച്ച അഭിപ്രായവും അംഗീകാരവും ലഭിക്കുക എന്നത് ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെയും ആഗ്രഹങ്ങളിലൊന്നാണ്. കമ്പനിക്ക് വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് കമ്പനികള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതും സാധാരണയാണ്. എന്നാല്‍ മികച്ച ജീവനക്കാരായി തെര‍ഞ്ഞെടുക്കപ്പെട്ടവരോട് ഒരു കമ്പനിയിലെ മേലധികാരികള്‍ നന്ദി പ്രകടിപ്പിച്ചത് അവരുടെ കാല്‍ കഴുകിക്കൊണ്ടാണ്!

ചൈനയിലെ ഒരു സ്വകാര്യ കോസ്മെറ്റിക് കമ്പനിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വ്യത്യസ്തമായ രീതിയില്‍ നന്ദി പ്രകടിപ്പിച്ചത്. ജീവനക്കാരോട് നന്ദി പ്രകടിപ്പിക്കാനും അവരുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനുമാണ് മേലധികാരികള്‍ ഇങ്ങനെ ചെയ്തത്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ജിനനില്‍ നടന്ന ഒരു പുരസ്കാര ചടങ്ങില്‍ കോസ്മെറ്റിക് കമ്പനിയുടെ പ്രസിഡന്‍റും സീനിയര്‍ എക്സിക്യൂട്ടീവുമാണ് മികച്ച ജീവനക്കാരായി തെരഞ്ഞെടുക്കപ്പെട്ട എട്ടുപേരുടെ കാലുകള്‍ കഴുകിയത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ഡ മീഡിയയില്‍ പ്രചരിച്ചിരുന്നു. സമ്മിശ്ര പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.