‘ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച് എല്ലാ പ്രോസസും കഴിഞ്ഞ് കരാർ തയ്യാറാക്കിയിരുന്നു. ഇത് ട്രംപിന്‍റെ ഇടപാടായതിനാൽ മോദി അദ്ദേഹത്തെ വിളിക്കേണ്ടിയിരുന്നു. എന്നാൽ ട്രംപിനെ മോദി വിളിച്ചില്ല.’
വാഷിങ്ടൺ: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പരാജയപ്പെടാൻ കാരണം മോദി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതു കൊണ്ടാണെന്ന് വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഏറെക്കാലമായി മുടങ്ങിക്കിടക്കുകയാണ്. ഇത് അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടല്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി നേരിട്ട് സംവദിക്കാൻ തയ്യാറാകാത്തത് കൊണ്ടാണെന്നുമാണ് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് വെളിപ്പെടുത്തിയത്. സംരംഭകനായ ചമത് പാലിഹാപിതിയ സംഘടിപ്പിച്ച ഓൾ-ഇൻ പോഡ്‌കാസ്റ്റിൽ ആണ് ലുട്ട്‌നിക് ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച് എല്ലാ പ്രോസസും കഴിഞ്ഞ് കരാർ തയ്യാറാക്കിയിരുന്നു. എന്നാൽ അത് പൂർത്തിയാക്കാൻ മോദി ട്രംപിനെ നേരിട്ട് വിളിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ സർക്കാരിന് ഇത് സംബന്ധിച്ച് ചില ആശയകുഴപ്പങ്ങൾ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ വിളിച്ചില്ലെന്നും ലുട്ട്‌നിക് അഭിമുഖത്തിൽ പറഞ്ഞു. ഡീൽ എല്ലാം തയ്യാറാക്കിയതാണ്. ഇത് ട്രംപിന്‍റെ ഇടപാടായതിനാൽ മോദി അദ്ദേഹത്തെ വിളിക്കേണ്ടിയിരുന്നു. എന്നാൽ ട്രംപിനെ മോദി വിളിച്ചില്ല. ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പിൻസ് എന്നിവിടങ്ങളിൽപോയി യുഎസ് വ്യാപാര ഇടപാടുകൾ പ്രഖ്യാപിച്ചു. അതിനുമുമ്പ് ഇന്ത്യയുമായുള്ള വ്യാപാര ഇടപാട് അമേരിക്ക പ്രതീക്ഷിച്ചിരുന്നുവെന്നും ' യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ 'ശിക്ഷിക്കാൻ' ലക്ഷ്യമിട്ട്, കുറഞ്ഞത് 500% വരെ നികുതി ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് പ്രസിഡന്റ് ട്രംപ് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ലുട്‌നിക്കിന്റെ ഈ പ്രസ്താവന വരുന്നത്. 2025 അവസാനത്തോടെ വ്യാപാര കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളും ലക്ഷ്യമിട്ടിരുന്നെങ്കിലും, റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം ഇതിന് വലിയൊരു തടസ്സമായി തുടരുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് മോസ്കോയുടെ യുദ്ധസന്നാഹങ്ങളെ സഹായിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക അധിക നികുതി ചുമത്തിയിരുന്നു. റഷ്യയുടെ വിലകുറഞ്ഞ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ പ്രേരിപ്പിക്കാൻ ഈ ബില്ലിലൂടെ അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.


