അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ കടുത്ത സൈനിക മുന്നറിയിപ്പാണ് ഡെന്മാർക്ക് നൽകിയിരിക്കുന്നത്. ഗ്രീൻലൻഡിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചാൽ മുകളിൽ നിന്നുള്ള ഉത്തരവിനായി കാത്തുനിൽക്കാതെ വെടിയുതിർക്കാൻ ഡാനിഷ് സൈന്യത്തിന് നിർദ്ദേശം നൽകിക്കഴിഞ്ഞു

വാഷിംഗ്ടൺ: ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങളിൽ വിചിത്രമായ അടവുകളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലൻഡ് നിവാസികളെ ഡെന്മാർക്കിൽ നിന്ന് അടർത്തിമാറ്റാൻ ഓരോ വ്യക്തിക്കും 10,000 മുതൽ 100,000 ഡോളർ ഏകദേശം 8.4 ലക്ഷം മുതൽ 84 ലക്ഷം രൂപ വരെ) വാഗ്ദാനം ചെയ്യാൻ വൈറ്റ് ഹൗസ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ 'സാമ്പത്തിക തന്ത്രം' പുറത്തുവിട്ടത്.

ഏകദേശം 57000 മാത്രം ജനസംഖ്യയുള്ള ദ്വീപാണ് ഗ്രീൻലൻഡ്. ഓരോ പൗരനും ഒരു ലക്ഷം ഡോളർ വീതം നൽകിയാൽ പോലും ഏകദേശം 6 ബില്യൺ ഡോളർ ഏകദേശം 540 കോടി രൂപ മാത്രമേ അമേരിക്കയ്ക്ക് ചെലവ് വരികയുള്ളൂ. ഈ വൻതുക നൽകുന്നതിലൂടെ ഗ്രീൻലൻഡ് നിവാസികളെ ഡെന്മാർക്കിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ പ്രേരിപ്പിക്കുകയും, തുടർന്ന് അമേരിക്കയുമായി ചേർന്നു പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിക്കുകയുമാണ് ട്രംപിന്റെ ലക്ഷ്യം. ധാതുസമ്പന്നമായ ഗ്രീൻലൻഡ് ആർട്ടിക് മേഖലയിലെ സുരക്ഷാ കാര്യങ്ങളിൽ അമേരിക്കയ്ക്ക് അതീവ പ്രാധാന്യമുള്ള ഇടമാണ്.

വെടിവെക്കാൻ മടിക്കില്ല എന്ന് ഡെന്മാർക്ക്

അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ കടുത്ത സൈനിക മുന്നറിയിപ്പാണ് ഡെന്മാർക്ക് നൽകിയിരിക്കുന്നത്. ഗ്രീൻലൻഡിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചാൽ മുകളിൽ നിന്നുള്ള ഉത്തരവിനായി കാത്തുനിൽക്കാതെ വെടിയുതിർക്കാൻ ഡാനിഷ് സൈന്യത്തിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. 1952-ലെ സൈനിക നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും അധിനിവേശം നടത്തുന്നവർക്ക് എതിരെ 'ആദ്യം വെടിവെക്കുക, പിന്നെ ചോദ്യം ചെയ്യുക' എന്ന നയം തുടരുമെന്നും ഡെന്മാർക്ക് വ്യക്തമാക്കി.

ഇനി ആരും വിഭജനത്തെക്കുറിച്ച് സ്വപ്നം കാണേണ്ടതില്ല. ഗ്രീൻലൻഡ് വിൽപ്പനയ്ക്കുള്ളതല്ല, എന്ന് ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ ഫേസ്ബുക്കിൽ കുറിച്ചു. പണം നൽകി ജനങ്ങളെ സ്വാധീനിക്കാനുള്ള അമേരിക്കയുടെ നീക്കം തരംതാണതാണെന്ന് ഗ്രീൻലൻഡിലെ പ്രാദേശിക ഭരണകൂടവും വിലയിരുത്തുന്നു. വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ കഴിഞ്ഞ ദിവസം അമേരിക്കൻ സൈന്യം സാഹസികമായി പിടികൂടിയിരുന്നു. ഈ വിജയത്തിന് പിന്നാലെയാണ് ഗ്രീൻലൻഡ് വിഷയത്തിലും വേഗത്തിലുള്ള നടപടികൾ വേണമെന്ന് ട്രംപ് തന്റെ സഹായികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.