ഗാസയിൽ ഭക്ഷണപ്പെട്ടി തലയിൽ വീണ് 15കാരനായ പാലസ്തീൻ ബാലൻ മരിച്ചു. ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഈ ദാരുണ സംഭവം. ഗാസയിൽ പട്ടിണി മരണം 200 കടന്നു.
ഗാസ: ലോക മനഃസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങളാണ് ഗാസയിൽ നിന്ന് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഭക്ഷണപ്പെട്ടി തലയിൽ വീണ് 15കാരനായ പാലസ്തീൻ ബാലന് ദാരുണാന്ത്യം. മധ്യ ഗാസയിലെ നെറ്റ്സാരിം ഇടനാഴിക്ക് സമീപം മുഹന്നദ് സക്കറിയ ഈദാണ് മരിച്ചത്. ഒരിറ്റ് ദാഹജലത്തിനും ഒരു വറ്റ് ഭക്ഷണത്തിനുമായി നെട്ടോട്ടമോടുന്ന ആൾക്കൂട്ടങ്ങൾക്കുമേൽ ഒരു മുൻകരുതലും ഇല്ലാതെ സഹായപ്പെട്ടികൾ ഇട്ടുകൊടുക്കുമ്പോൾ അതിന് അടിയിൽപ്പെട്ടാണ് മരണം. ആ ദാരുണമായ കാഴ്ച ഗാസയിലെ വാർത്താ ഏജൻസികളുടെ ക്യാമറയിൽ പതിഞ്ഞു.
"കഠിനമായ ക്ഷാമത്തിനിടെ എന്റെ സഹോദരൻ സഹായം വാങ്ങാൻ പോയതാണ്. വിമാനങ്ങൾ വഴി എറിഞ്ഞ ഒരു പെട്ടി നേരിട്ട് അവന് മേൽ വീണു"- മുഹന്നദ് സക്കറിയയുടെ സഹോദരൻ പറഞ്ഞു.
ഭക്ഷണം എയർ ഡ്രോപ്പ് ചെയ്യുന്നത് കാര്യക്ഷമമല്ലെന്നും ചെലവേറിയതുമാണെന്ന് ഐക്യരാഷ്ട്രസഭ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഈ സംഭവം. പകരം കരമാർഗം ഗാസയിലേക്ക് മാനുഷിക സഹായം സ്ഥിരമായി വിതരണം ചെയ്യാൻ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർത്ഥിച്ചു. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം, 23 പലസ്തീനികൾ ഭക്ഷണപ്പെട്ടി വീണ് കൊല്ലപ്പെടുകയും 124 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ഗവൺമെന്‍റ് മീഡിയ ഓഫീസ് അറിയിച്ചു. ഗാസയിൽ പട്ടിണി മരണം 200 കടന്നു. 38 പേരെ കൂടി ഇസ്രയേൽ സൈന്യം വെടിവെച്ചുകൊന്നു.
അതിനിടെ ഗാസ പിടിച്ചടക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനത്തിനെതിരെ ഇസ്രയേലിൽ കനത്ത പ്രതിഷേധം. ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്ന നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെൽ അവീവിൽ ആയിരങ്ങൾ പങ്കെടുത്ത റാലി നടന്നു.
ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കങ്ങൾക്കിടെ വൈറ്റ്ഹൗസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഖത്തർ പ്രധാനമന്ത്രിയെ കണ്ടേക്കും. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ചർച്ചയാകും. അതേസമയം ഗാസ പൂർണമായി പിടിച്ചടക്കാനല്ല, നിരായുധീകരിച്ച് പുതിയ ഭരണം കൊണ്ടു വരാനാണ് പദ്ധതിയെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം. നിലവിൽ മധ്യസ്ഥ ശ്രമങ്ങൾ പാതിവഴിയിലാണ്. അതിനിടയിലാണ് സ്റ്റീവ് വിറ്റ്കോഫ് ഖത്തർ പ്രധാനമന്ത്രിയെ കാണുമെന്ന് ഇസ്രയേൽ മാധ്യമമായ ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.
യുദ്ധം അവസാനിപ്പിക്കാൻ രണ്ടാഴ്ച്ചക്കുള്ളിൽ പുതിയ സമവായ ഫോർമുല രൂപീകരിക്കാനാണ് ശ്രമം. മധ്യസ്ഥ ചർച്ചകൾ വഴിമുട്ടി നിൽക്കുന്നത് സങ്കീർണമായ ചില കാര്യങ്ങളിലാണ്. ഗാസയിൽ നിന്ന് ഹമാസിനെ അധികാരത്തിൽ നിന്ന് മാറ്റുക, ഹമാസ് ആയുധം താഴെ വെക്കുക, ഇസ്രയേൽ പൂർണമായും പിൻവാങ്ങുക എന്നിവയാണ് അതിൽ പ്രധാനം. ഇതിലാണ് ഹമാസും ഇസ്രയേലും ഇടയുന്നത്.
ഗാസ പൂർണമായി പിടിച്ചെടുക്കാനുള്ള ശ്രമത്തെ ശക്തമായി എതിർക്കുകയാണ് ലോകം. ഐക്യരാഷ്ട്ര സഭയും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകി. എന്നാൽ ഗാസ പിടിച്ചടക്കലല്ല, നിരായുധീകരിക്കലാണ് ലക്ഷ്യമെന്നാണ് നെതന്യാഹു വിശദീകരിക്കുന്നത്. ഹമാസിനെ താഴെയിറക്കും. പകരം ഹമാസും പലസ്തീൻ അതോറിറ്റിയുമല്ലാത്ത ഭരണം കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. ഹമാസ് ബന്ദികളാക്കിയ 50 ഇസ്രയേൽ പൌരന്മാരിൽ 20 പേർ ജീനോടെയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. പിടിച്ചടക്കലല്ല ലക്ഷ്യമെന്ന് പ്രഖ്യാപിച്ചെങ്കിലും തങ്ങൾക്ക് നിയന്ത്രണമുള്ള തരത്തിൽ പൂർണ സൈനിക നീക്കമായിരിക്കും ഇസ്രയേൽ നടത്തുക.



