ബ്രസീലിയ: ലോകത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി ബ്രസീല്‍. അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് കൊവിഡ് കേസില്‍ ബ്രസീലിന്‍റെ സ്ഥാനം. 330890 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 21048 പേരാണ് മരിച്ചത്. ടെസ്റ്റ് ചെയ്തവരുടെ കണക്കുകളാണ് ഇതെന്നും യഥാര്‍ത്ഥത്തില്‍ ഉള്ളത് 15 ഇരട്ടിയാകാമെന്നുമാണ് വിദഗ്ധാഭിപ്രായം. 24 മണിക്കൂറിനുള്ളില്‍ 1001 പേരാണ് ബ്രസീലില്‍ മരിച്ചത്. 

ദക്ഷിണ അമേരിക്കയെ 'പുതിയ കേന്ദ്ര'മായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു. അതേസമയം അമേരിക്കയില്‍ 16 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 96000 പേര്‍ മരിക്കുകയും ചെയ്തു. റഷ്യയില്‍ 326488 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മരിച്ചത് 3200 പേരാണ്. 

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് കഴിഞ്ഞാല്‍ ആറാം സ്ഥാനം ബ്രസീലിനാണ്. ലോകത്ത് മരണ സംഖ്യ ഉയരുമ്പോളും ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബോള്‍സനാരോ നിസ്സാരാമായാണ് കൊവിഡിനെ കണ്ടത്. സാധാരണ പകര്‍ച്ചപ്പനിയായാണ് കൊവിഡിനെ വിശേഷിപ്പിച്ചത്.