Asianet News MalayalamAsianet News Malayalam

കൊവിഡിന്‍റെ വിളനിലമായി ബ്രസീല്‍, ഒറ്റ ദിവസം 14,919 കേസുകള്‍; ഇറ്റലിയെയും സ്പെയിനെയും മറികടന്നു

ഇതുവരെ 241,080 പേര്‍ക്കാണ് ലാറ്റിനമേരിക്കന്‍ രാജ്യമാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ചത്. ഇന്നലെ മാത്രം 7,938 പേര്‍ക്ക് ബ്രസീല്‍ കൊവി‍ഡ് സ്ഥിരീകരിച്ചു. 16,118 പേരാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധ മൂലം മരണപ്പെട്ടത്. 485 പേര്‍ക്ക് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായി.

brazil has overtaken spain and italy in total covid 19 cases reported
Author
Rio de Janeiro, First Published May 18, 2020, 7:15 AM IST

റിയോ ഡി ജനീറോ: ലോകത്തെയാകെ കണ്ണീരിലാഴ്ത്തി കൊവിഡ് 19 വൈറസ് ബാധ പടരുമ്പോള്‍ ബ്രസീലില്‍ ഉയരുന്ന രോഗികളുടെ കണക്കുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയയെും സ്പെയിനെയും മറികടന്ന ബ്രസീല്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ നാലാമത് എത്തിയിരിക്കുകയാണ്.

അധികൃതര്‍ ശനിയാഴ്ച നല്‍കിയ കണക്ക് പ്രകാരം 24 മണിക്കൂറില്‍ 14,919 പുതിയ കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 241,080 പേര്‍ക്കാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ കൊവിഡ് ബാധിച്ചത്. ഇന്നലെ മാത്രം 7,938 പേര്‍ക്ക് ബ്രസീലില്‍ കൊവി‍ഡ് സ്ഥിരീകരിച്ചു. 16,118 പേരാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധ മൂലം മരണപ്പെട്ടത്.

485 പേര്‍ക്ക് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായി. പരിശോധന വളരെ കുറവ് മാത്രം നടക്കുന്ന രാജ്യമാണ് ബ്രസീലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് രാജ്യത്തെ ശരിയായ കണക്കുകള്‍ ഇതിലും കൂടതലായിരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആരോഗ്യ സംവിധാനം തന്നെ തകര്‍ന്നു പോയേക്കാമെന്നാണ് ബ്രസീലിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരമായ സാവോ പോളോയുടെ മേയര്‍ ബര്‍ണോ കൊവാസ് മുന്നറിയിപ്പ് നല്‍കിയത്.

നഗരത്തിലെ പൊതു ആശുപത്രികളിലെ 90 ശതമാനം അടിയന്തര കിടക്കകളും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞുവെന്നും കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി സംവിധാനങ്ങള്‍ തകരുന്നതിന് മുമ്പ് കടുത്ത നിയന്ത്രണങ്ങളുമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് സ്റ്റേറ്റ് ഗവര്‍ണറുമായി സംസാരിക്കുകയാണെന്നും കൊവാസ് കൂട്ടിച്ചേര്‍ത്തു. എഎഫ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം ആശുപത്രികളില്‍ കഴിയുന്നവരുടെ പരിശോധന മാത്രമാണ് ബ്രസീല്‍ നടത്തുന്നത്.

അധികൃതര്‍ പുറത്ത് വിടുന്ന കണക്ക് പരിശോധിച്ചാല്‍ നിലവിലെ സ്ഥിതി എന്താണെന്ന് മനസിലാവില്ലെന്നും സാവോ പോളോ മെഡിക്കല്‍ സ്കൂളില്‍ നിന്നുള്ള ഡൊമിഗോ ആല്‍വസ് പറഞ്ഞു. ഒരുപക്ഷേ നിലവിലെ കണക്കുകളേക്കാള്‍ 15 മടങ്ങ് കൂടതലാകാം യഥാര്‍ത്ഥ കണക്കെന്നും അദ്ദേഹം വിലയിരുത്തി.

അതേസമയം, ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളെ എതിര്‍ക്കുന്നത് ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബൊല്‍സാനരോ ഇപ്പോഴും തുടരുകയാണ്. "ഒരു ചെറിയ ഫ്ലൂ" എന്നാണ് കൊവിഡ് വൈറസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. കൊവി‍ഡ് 19ന്‍റെ വ്യാപനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ ബൊല്‍സാനരോയും പങ്കെടുത്തിരുന്നു.

രാജ്യത്തിന്‍റെ സാമ്പത്തിക രംഗം തകര്‍ത്ത് തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് വരികയാണ് ഈ നിയന്ത്രണങ്ങള്‍ ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ഇതിനിടെ ബ്രസീലിലെ ആരോഗ്യമന്ത്രി നെല്‍സണ്‍ ടെയ്ച്ച് രാജിവെച്ചിരുന്നു. രാജ്യത്ത് ജിമ്മുകളും ബ്യൂട്ടി പാര്‍ലറുകളും തുറന്ന് കൊടുക്കാനുള്ള പ്രസിഡന്‍റിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് കൊണ്ടായിരുന്നു രാജി. 

Follow Us:
Download App:
  • android
  • ios