മാറഞ്ഞോയില്‍ നൂറിലധികം പേര്‍ ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തുകയും മാസ്‌ക് ധരിക്കാതിരുന്നാല്‍ പിഴയീടാക്കുമെന്നും ഉത്തരവുണ്ടായിരുന്നു. 

ബ്രസീലിയ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ ചുമത്തി. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് ബൊല്‍സൊനാരോ കൊവിർഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചത്. ബ്രസീല്‍ സംസ്ഥാനമായ മാറഞ്ഞോയിലാണ് സംഭവം.

മാറഞ്ഞോ ഗവര്‍ണര്‍ ഫ്‌ളാവിയോ ഡിനോയാണ് പ്രസിഡന്‍റിനെതിരെ നടപടി സ്വീകരിച്ചത്. ആരോഗ്യ വകുപ്പ് അധികൃതര്‍ ബൊല്‍സൊനാരോയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് മാറഞ്ഞോ ഗവര്‍ണര്‍ പറഞ്ഞു. മാറഞ്ഞോയില്‍ നൂറിലധികം പേര്‍ ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തുകയും മാസ്‌ക് ധരിക്കാതിരുന്നാല്‍ പിഴയീടാക്കുമെന്നും ഉത്തരവുണ്ടായിരുന്നു. 

കൊവിഡ് നിയന്ത്രണം ലംഘിച്ചത് പ്രസിഡന്‍റായതുകൊണ്ട് നടപടിയില്‍ നിന്നും ഒഴിവാക്കാനാവില്ലെന്ന് മാറഞ്ഞോ ഗവര്‍ണര്‍ പറഞ്ഞു. ബ്രസീലിലെ ഇടതുപക്ഷ നേതാവ് കൂടിയാണ് മാറഞ്ഞോ ഗവര്‍ണര്‍ ഫ്‌ളാവിയോ ഡിനോ. പിഴ ഈടാക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രസിഡന്‍റ് ബൊല്‍സൊനാരോയ്ക്ക് പതിനഞ്ച് ദിവസത്തെ സമയമുണ്ട്. അതിന് ശേഷം പിഴത്തുക എത്രയെന്ന് തീരുമാനിക്കും. ബൊല്‍സൊനാരോയ്ക്ക് പിഴ അടക്കേണ്ടി വരുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona