ബ്രസീലിയ: ബ്രസീൽ പ്രസിഡന്‍റ് ജെയ്ർ ബൊൽസൊണാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയും ജലദോഷവും അനുഭവപ്പെട്ടതിനെത്തുടർന്ന് ബൊൽസൊണാരോയ്ക്ക് നാല് തവണ ടെസ്റ്റ് നടത്തിയിരുന്നു. നാലാം ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. 

കൊവിഡ് രോഗബാധ വലിയ കാര്യമൊന്നുമല്ലെന്നും അതൊരു 'കൊച്ചുപനി' മാത്രമല്ലേ എന്നും പുച്ഛിച്ചുതള്ളിയ ഭരണാധികാരിയ്ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗവ്യാപന സാധ്യത അങ്ങേയറ്റം അപകടകരമായി നിൽക്കുമ്പോൾ എല്ലാ നിയന്ത്രണങ്ങളും ബൊൽസൊണാരോ പിൻവലിച്ചിരുന്നു. മാസ്ക് വയ്ക്കേണ്ട കാര്യമില്ലെന്നും ബൊൽസൊണാരോ പറഞ്ഞിരുന്നു. നിയന്ത്രണങ്ങൾ ഒരു മുൻകരുതലുമില്ലാതെ പിൻവലിക്കുക വഴി ബ്രസീലിലെ രോഗബാധാനിരക്ക് അപകടകരമാംവിധം കൂടിയിരുന്നു. പല ലോകരാജ്യങ്ങളെയും മറികടന്ന് രോഗവ്യാപനനിരക്കിൽ ബ്രസീൽ മുന്നിലെത്തിയത് വളരെപ്പെട്ടെന്നാണ്.

സാമ്പത്തികവ്യവസ്ഥയെ തക‍ർക്കുമെന്ന കാരണം പറഞ്ഞാണ് വളരെക്കുറച്ച് കാലം മാത്രം നടപ്പാക്കിയ ലോക്ക്ഡൗൺ ബൊൽസൊണാരോ പിൻവലിച്ചത്. മാസ്ക് നിർബന്ധമായും ധരിക്കണമെന്ന എല്ലാ ചട്ടങ്ങളും ബൊൽസൊണാരോ എടുത്തുകളഞ്ഞു. ഇനി തനിയ്ക്ക് കൊവിഡ് വന്നാൽപ്പോലും പേടിക്കാനില്ലെന്നും ബൊൽസൊണാരോ പറഞ്ഞിരുന്നു. ''ഒരു തരത്തിലും ഇതെന്നെ ബാധിക്കാൻ പോകുന്നില്ല. മിക്കവാറും ഇതൊരു ചെറിയ പനിയായോ ജലദോഷമായോ വന്ന് പോകുകയല്ലേ ഉള്ളൂ'', എന്നാണ് ബൊൽസൊണാരോ പ്രസ്താവന നടത്തിയത്. ബ്രസീൽ പോലെ വലിയ ജനസാന്ദ്രതയുള്ള ഒരു രാജ്യത്തെ ഭരണാധികാരി ഇത്ര നിരുത്തരവാദിത്തപരമായ പ്രസ്താവന നടത്തുന്നതിനിടെ രാജ്യത്തിനകത്ത് നിന്ന് തന്നെ വലിയ പ്രതിഷേധങ്ങളാണുയർന്നത്. 

ബൊൽസൊണാരോ ഈ പ്രസ്താവന നടത്തുമ്പോൾ ബ്രസീലിൽ 3000-ൽപ്പരം കൊവിഡ് മരണങ്ങളും 40,000 രോഗബാധിതരുമാണ് ഉണ്ടായിരുന്നതെങ്കിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ എണ്ണം കുതിച്ചുയർന്നു. തിങ്കളാഴ്ചത്തെ കണക്ക് നോക്കിയാൽ ബ്രസീലിൽ 65,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. രോഗബാധിതർ പതിനാറ് ലക്ഷം കവിഞ്ഞിരിക്കുന്നു. ഒന്നാം സ്ഥാനത്ത് അമേരിക്കയാണെങ്കിൽ ബ്രസീൽ രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്.

രോഗവ്യാപനനിരക്ക് കുതിച്ചുയർന്നപ്പോഴും പഴയ പ്രസ്താവന തിരുത്താൻ ബൊൽസൊണാരോ തയ്യാറായില്ല. മാസ്ക് ധരിക്കാതെ പല പൊതുവേദികളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അവസാനഘട്ടത്തിൽ മാസ്ക് വച്ചെങ്കിലും അത് ചെവിയിൽ തൂക്കിയിട്ടു. 

നിലവിൽ ബ്രസീലിലെ രോഗബാധാനിരക്ക് അപകടകരമാംവിധം കുതിച്ചുയരുകയാണ്. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. വിദഗ്ധ ചികിത്സ കിട്ടാതെയാണ് പലരും മരണമടഞ്ഞതെന്നും മരണനിരക്ക് കുത്തനെ കൂടുകയാണെന്നും പല ലോകമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.