Asianet News MalayalamAsianet News Malayalam

അഫ്ഗാൻ ഭീകരരുടെ താവളമാകാൻ അനുവദിക്കില്ലെന്ന് ബ്രിക്സ്; താലിബാൻ സർക്കാരിനെതിരെ ഇന്ത്യയിലെ അഫ്ഗാൻ എംബസി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുചിൻ തുടങ്ങിയവർ പങ്കെടുത്തു

Brics nations Delhi resolution Afghan wont be Terrorists shelter home
Author
Delhi, First Published Sep 9, 2021, 8:45 PM IST

ദില്ലി: ഭീകരർക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാൻ മാറുന്നത് തടയുമെന്ന് ബ്രിക്സ് ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രസ്താവന. അഫ്ഗാനിസ്ഥാനിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും തലപൊക്കുന്നതിൽ ഉച്ചകോടി കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇതിനിടെ താലിബാൻ പ്രഖ്യാപിച്ച സർക്കാർ നിയമവിരുദ്ധമെന്ന് ദില്ലിയിലെ അഫ്ഗാൻ എംബസി പ്രസ്താവനയിറക്കി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുചിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൺസണാരോ എന്നിവർ പങ്കെടുത്തു. ദില്ലി പ്രഖ്യാപനം എന്ന പേരിൽ അംഗീകരിച്ച സംയുക്ത നിലപാടിൽ അഫ്ഗാനിലെ സർക്കാർ രൂപീകരണം സമാധാനപമായിരിക്കണം എന്ന നിർദ്ദേശം ബ്രിക്സ് രാജ്യങ്ങൾ മുന്നോട്ടു വച്ചു. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് ചൈനയും റഷ്യയും അംഗീകരിച്ചു. 

ഭീകരർക്ക് സുരക്ഷിത താവളം നല്കരുത്, മറ്റു രാജ്യങ്ങൾക്കെതിരെ യുദ്ധം നടത്താൻ ഭീകര സംഘടനകൾക്ക് അഫ്ഗാൻ മണ്ണാകരുത് എന്നും പ്രഖ്യാപനത്തിലുണ്ട്. ഐഎസ് വീണ്ടും സജീവമാകുന്നതിൽ എല്ലാ നേതാക്കളും ആശങ്ക അറിയിച്ചു. എന്നാൽ അമേരിക്ക പിന്മാറിയ രീതിയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വ്ളാഡിമിർ പുചിൻ കുറ്റപ്പെടുത്തി.  സ്ഥിതി ചർച്ച ചെയ്യാൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ളിങ്കൻ വിളിച്ച യോഗത്തിലും ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ഭീകര സംഘടനകൾക്ക് കിട്ടുന്ന പിന്തുണയിൽ ആശങ്ക അറിയിച്ചു. 

അതേസമയം ഇന്ത്യയിലെ അഫ്ഗാൻ എംബസിയിൽ ഇപ്പോഴും പഴയ പതാകയാണ് പാറുന്നത്. താലിബാൻ രൂപീകരിച്ച സർക്കാർ ജനങ്ങളുടെ പിന്തുണ ഇല്ലാത്തതെന്ന് വ്യക്തമാക്കി പരസ്യ കലാപം ഉയർത്തുകയാണ് ഇന്ത്യയിലെ എംബസി. എംബസിയുടെ ഈ നിലപാട് ഇന്ത്യയ്ക്കും താലിബാൻ ഭരണകൂടത്തിനും ഇടയിലെ ബന്ധവും സങ്കീർണ്ണമാക്കുന്നു. ഭീകരവാദം തള്ളുമ്പോഴും താലിബാൻ സർക്കാരിനോടുള്ള നിലപാടിന്റെ കാര്യത്തിൽ ബ്രിക്സ് രാജ്യങ്ങൾക്ക് ഒറ്റനിലപാടിൽ എത്താനായില്ല.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios