ഈ സീസണില്‍ 3500 ബോട്ടില്‍ ഓക്സിജനാണ് പര്‍വ്വതാരോഹകര്‍ കൊണ്ടു പോവുന്നത്. സാധാരണ നിലയില്‍ ഇവയില്‍ ഏറിയ പങ്കും മലയിടിച്ചില്‍ നഷ്ടമാവുകയോ അല്ലാത്തപക്ഷം പര്‍വ്വതാരോഹണത്തിന് ശേഷം പര്‍വ്വതച്ചെരിവുകളില്‍ ഉപേക്ഷിക്കുകയോ ചെയ്യാറാണ് പതിവ്.

കാഠ്മണ്ഡു: എവറസ്റ്റ് കയറാന്‍ പോകുന്ന സാഹസിക സഞ്ചാരികളോട് കൊവിഡ് മഹാമാരിക്കിടെ വേറിട്ട അപേക്ഷയുമായി നേപ്പാള്‍. എവറസ്റ്റ് കീഴടക്കാനായി പോകുമ്പോള്‍ കൊണ്ടുപോകുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍ തിരികെയെത്തിക്കണമെന്നാണ് അപേക്ഷ. സാധാരണ ഗതിയില്‍ എവറസ്റ്റില്‍ തന്നെ അവ ഉപേക്ഷിക്കരുതെന്നും രാജ്യത്തെ കൊവിഡ് പ്രതിസന്ധി നേരിടാന്‍ കാലിയായ ഓക്സിജന്‍ സിലിണ്ടറുകള്‍ ആവശ്യമെന്നുമാണ് നേപ്പാള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഹിമാലയത്തിലെ മലനിരകളിലേക്ക് കയറാനായി 700 പര്‍വ്വതാരോഹകര്‍ക്കാണ് പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. ഏപ്രില്‍- മെയ് മാസത്തെ പെര്‍മിറ്റാണ് ഇവ.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നേപ്പാള്‍ പര്‍വ്വതാരോഹക അസോസിയേഷന്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുള്ളത്. അയല്‍ രാജ്യമായ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ ചൂണ്ടിക്കാണിച്ചാണ് ഈ നിര്‍ദ്ദേശം. പര്‍വ്വതാരോഹകരോടും വഴികാട്ടികളായ ഷെര്‍പ്പകളോടും ഓക്സിജന്‍ സിലിണ്ടറുകളും തിരികെയെത്തിക്കാനാണ് നിര്‍ദ്ദേശം വ്യക്തമാക്കുന്നത്. ഈ സീസണില്‍ 3500 ബോട്ടില്‍ ഓക്സിജനാണ് പര്‍വ്വതാരോഹകര്‍ കൊണ്ടു പോവുന്നത്. സാധാരണ നിലയില്‍ ഇവയില്‍ ഏറിയ പങ്കും മലയിടിച്ചില്‍ നഷ്ടമാവുകയോ അല്ലാത്തപക്ഷം പര്‍വ്വതാരോഹണത്തിന് ശേഷം പര്‍വ്വതച്ചെരിവുകളില്‍ ഉപേക്ഷിക്കുകയോ ചെയ്യാറാണ് പതിവ്.

സാധിക്കുന്ന എല്ലാ സിലിണ്ടറും തിരികെയെത്തിച്ചാല്‍ അവ കൊവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ റീഫില്‍ ചെയ്ത് നല്‍കാന്‍ സാധിക്കുമെന്നും എന്‍എംഎ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കുല്‍ ബഹാദുര്‍ ഗുരുങ് പറയുന്നു. ഞായറാഴ്ചത്തെ കണക്കുകള്‍ അനുസരിച്ച് 8777 പുതിയ കൊവിഡ് കേസുകളാണ് നേപ്പാളിലുണ്ടായത്. ഏപ്രില്‍ 9ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ 30 ഇരട്ടിയാണ് ഇത്. 394667 കൊവിഡ് കേസുകളാണ് ഇതിനോടകം നേപ്പാളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 3720 പേരാണ് നേപ്പാളില്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വിശദമാക്കുന്നത്. ഇതിനോടകം തന്നെ ആശുപത്രികളില്‍ കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാനാവാത്ത വിധത്തിലുള്ള തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ഓക്സിജന്‍ സിലിണ്ടര്‍. വെന്‍റിലേറ്റര്‍, മറ്റ് സഹായം അടക്കം നേപ്പാളിന് ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona