വാലന്‍സിയ: വിമാനത്തിനുള്ളില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ച് ബ്രിട്ടീഷ് എയര്‍വേസ്. ലണ്ടനില്‍ നിന്ന് സ്പെയിനിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചത്. വിമാനം സ്പെയിനിലെ വാലന്‍സിയയില്‍ ഇറങ്ങാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് എമര്‍ജന്‍സി ലാന്‍റിംഗ് ആവശ്യമായി വന്നത്. കാബിനില്‍ കട്ടിയുള്ള വെളുത്ത പുക പടരുകയായിരുന്നു. 

സുരക്ഷിതാമായി നിലത്തിറക്കിയ വിമാനത്തില്‍ നിന്ന് എമര്‍ജന്‍സി വാതില്‍ വഴി ആകളെ പുറത്തെത്തിച്ചു. വിമാനത്തില്‍ പുക നിറയുന്നതിന്‍റെ വീഡിയോയും ഫോട്ടോകളും ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് സീറ്റ് അപ്പുറത്തുള്ള യാത്രക്കാരെപ്പോലും കാണാനാകാത്ത വിധം പുക ഉയര്‍ന്നിരുന്നുവെന്ന് യാത്രക്കാരിലൊരാളായ റേച്ചല്‍ ജപ്പ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഭീതിപ്പെടുത്തുന്ന സിനിമപോലെയാണ് ആ അനുഭവമെന്ന് മറ്റൊരു യാത്രിക ലൂസി ബ്രൗണ്‍ പറഞ്ഞു. ബിഎ422 എന്ന വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നും ബ്രിട്ടീഷ് എയര്‍വേസ് വക്താവ് അറിയിച്ചതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

175 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് പൈലറ്റുമാരടക്കം എട്ട് ജീവനക്കാരും ഉണ്ടായിരുന്നു. മുന്‍കരുതലെന്നോണം മൂന്ന് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ചികിത്സ നല്‍കി ഡിസ്ചാര്‍ജ് ചെയ്തുവെന്നും അവര്‍ വ്യക്തമാക്കി.