സോളമന്‍റെ സമ്പത്തിന് വസ്തുതാപരമായ അടിത്തറയുണ്ടെന്നും ബൈബിളിലെ കഥാകാരന്മാര്‍ അത് മറച്ചുവച്ച് മറ്റൊന്നെഴുതിയെന്നുമാണ് റാല്‍ഫ് വാദിക്കുന്നത്. ഇസ്രയേലി വീരന്മാരെ സൃഷ്ടിക്കാനായി അവര്‍ ചരിത്രം മാറ്റിയെഴുതിയെന്നാണ് റാല്‍ഫിന്‍റെ ആരോപണം. 

20 വര്‍ഷത്തിലേറെ നീണ്ട ഗവേഷണത്തിനൊടുവില്‍ അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ബ്രിട്ടീഷ് ചരിത്രകാരന്‍. ബൈബിളിലെ എഴുത്തുകളില്‍ രാജാവായി ചിത്രീകരിച്ചിട്ടുള്ള സോളമന്‍ ഒരു ഫറവോ മാത്രമെന്നാണ് ബ്രിട്ടീഷ് ചരിത്രകാരനും എഴുത്തുകാരനുമായ റാല്‍ഫ് എലിസ് അവകാശപ്പെടുന്നത്. രാഷ്ട്രീയവും സാംസ്കാരികവുമായ കാരണങ്ങളാല്‍ ഇസ്രയേലിലെ പുരാവസ്തു ഗവേഷകര്‍ ഒരു തരത്തിലും കേള്‍ക്കാള്‍ ഇഷ്ടപ്പെടുന്നതല്ലെന്ന മുന്നറിയിപ്പോടെയാണ് റാല്‍ഫ് തന്‍റെ കണ്ടെത്തലിനേക്കുറിച്ച് വിശദമാക്കുന്നത്. അതീവ സമ്പന്നനായ സോളമന്‍ രാജാവിന്‍റെ 3 ട്രില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന 500 ടണ്‍ സ്വര്‍ണം ഇനിയും കണ്ടെത്താനാകാത്തതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അന്‍പത്തിനാലുകാരനായ റാല്‍ഫ് ഇക്കാര്യം പറയുന്നത്.

3000വര്‍ഷത്തോളം പഴക്കമുണ്ട് സോളമന്‍ രാജാവിന്‍റെ സ്വര്‍ണ ശേഖരത്തേക്കുറിച്ചുള്ള സൂചനകള്‍ക്ക്. ഇത് നിരവധി നിധി വേട്ടക്കാരും പരിശ്രമിച്ചിട്ടും ഇനിയും കണ്ടെത്താനാവാത്ത നിഗൂഡതയായി തുടരുമ്പോഴാണ് ബൈബിളിലെ കഥകള്‍ക്ക് വിരുദ്ധമായ കണ്ടെത്തലുമായി ചരിത്രകാരന്‍ എത്തുന്നത്. റാല്‍ഫിന്‍റെ വാദങ്ങള്‍ അനുസരിച്ച് സോളമന്‍ ഇസ്രയേലിലെ രാജാവായിരുന്നില്ല പക്ഷേ ഈജിപ്തുകാരനായ ഒരു ഫറവോ ആയിരുന്നു. ബിസി 10ാം നൂറ്റാണ്ടിന്‍റെ അവസാന കാലത്ത് ഈജിപ്തിനേയും ഇസ്രയേലിനേയും ആദ്യമായി ഒന്നിച്ച് ഭരിച്ച ഷുഷാങ്ക് എന്ന ഫറവോയെന്നാണ് വാദം. ഇതേ ഷുഷാങ്കിനേയാണ് ബൈബിളില്‍ ഷിഷാക് എന്ന് പരാമര്‍ശിക്കുന്നതെന്നാണ് മിക്ക പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നുമുണ്ട്. നമ്മുക്ക് അറിയാവുന്ന സോളമന്‍ രാജാവിന്‍റെ കഥ ഒരു പക്ഷേ ചരിത്രത്തിന്‍റെ ദുര്‍വ്യാഖ്യാനമാണെന്നാണ് റാല്‍ഫ് എലിസ് വിശദമാക്കുന്നത്.

സോളമന്‍റെ നിധി കണ്ടെത്തുന്നതിനെ യൌവ്വന നീരുറവയിലെ കുളി പോലുള്ള ഒരു നിഗൂഡതയായാണ് റാല്‍ഫ് താരതമ്യം ചെയ്യുന്നത്. സോളമന്‍, ഈജിപ്തിലെ ഫറവോ എന്ന ബുക്കിലാണ് റാല്‍ഫ് തന്‍റെ കണ്ടെത്തലുകളേക്കുറിച്ച് വിശദീകരിക്കുന്നത്. സമീപ രാജ്യങ്ങള്‍ രാജാക്കന്മാരുടെ താഴ്വരയില്‍ നിന്ന് രാജകീയ ശവകുടീരങ്ങള്‍ കൊള്ളയടിച്ചതും ആക്രമണം തടയാനുള്ള ഒരു നടപടിയായാണ് സോളമന്‍റെ സ്വത്തിനേക്കുറിച്ചുള്ള കഥകള്‍ പ്രചരിച്ചതെന്നാണ് റാല്‍ഫ് എലിസ് അവകാശപ്പെടുന്നത്. ബൈബിളിനെ അടിസ്ഥാനമാക്കിയാല്‍ അതീവ സമ്പന്നനായ രാജാവായിരുന്നു സോളമന്‍. തലമുറകളായി ദൈവശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും ഇസ്രയേലില്‍ സോളമന്‍റെ കൊട്ടാരവും ക്ഷേത്രവും തലസ്ഥാനവും സ്വത്തുക്കളും തേടി അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇവരിലാര്‍ക്കും തന്നെ വിജയത്തിലെത്താന്‍ സാധിക്കാതെ പോയതും ഇതിനാലാണെന്നാണ് ചരിത്രകാരന്‍ പറയുന്നത്.

യഹൂദ വിശ്വാസികളുടെ തോറയിലെ കഥകള്‍ സാങ്കല്‍പികമാണെന്നാണ് റാല്‍ഫ് അവകാശപ്പെടുന്നത്. ഇല്ലെങ്കില്‍ തികച്ചും തെറ്റായ സ്ഥലത്താണ് സോളമനെ തിരയുന്നതെന്നും റാല്‍ഫ് വാദിക്കുന്നു. സോളമന്‍റെ നിധി കെയ്റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ കണ്ടെത്താനാകുമെന്നാണ് റാല്‍ഫിന്‍റെ വാദം. ഈ കാലഘട്ടത്തിലെ നിരവധി പുരാവസ്തുക്കള് ഇവിടെയുണ്ട്. സോളമന്‍റെ സമ്പത്തിന് വസ്തുതാപരമായ അടിത്തറയുണ്ടെന്നും ബൈബിളിലെ കഥാകാരന്മാര്‍ അത് മറച്ചുവച്ച് മറ്റൊന്നെഴുതിയെന്നുമാണ് റാല്‍ഫ് വാദിക്കുന്നത്. ഇസ്രയേലി വീരന്മാരെ സൃഷ്ടിക്കാനായി അവര്‍ ചരിത്രം മാറ്റിയെഴുതിയെന്നാണ് റാല്‍ഫിന്‍റെ ആരോപണം.