ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഹോസ്റ്റലില്‍ ഹിന്ദുവായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സിന്ധ് പ്രവിശ്യയിലെ താമസക്കാരനും ഡോക്ടറുമായ സഹോദരന്‍ രംഗത്തെത്തി. തിങ്കളാഴ്ചയാണ് ലര്‍കനയിലെ ഹോസ്റ്റല്‍ മുറിയില്‍  ബിബി ആസിഫ ഡെന്‍റല്‍ കോളേജിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ നമ്രിത ചന്ദാനിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 

അകത്ത് നിന്നും പൂട്ടിയ മുറിയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. സുഹൃത്തുക്കള്‍ വിളിച്ചിട്ടും പെണ്‍കുട്ടി വാതില്‍ തുറക്കാത്തതിനാല്‍ സെക്യൂരിറ്റി എത്തി വാതില്‍ തല്ലിത്തകര്‍ത്താണ് മുറിക്കുള്ളില്‍ കയറിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം ഇനിയും വെളിപ്പെടുത്താറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി പാക്കിസ്ഥാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കോളേജ് പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തിലുള്ള കമ്മറ്റിയെ സംഭവം അന്വേഷിക്കുന്നതിനായി ചമുതലപ്പെടുത്തിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡഡോ. അനില അട്ടൗര്‍ റഹ്മാന്‍ അറിയിച്ചു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും  നീതി ലഭിക്കുന്നതിനായി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ കൂടെ നില്‍ക്കണമെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ഡോ. വിശാല്‍ മിശ്ര വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.