കെയ്റോ: ഈജിപ്തില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 28 പേര്‍ മരിച്ചു. 16 ഇന്ത്യക്കാരുൾപ്പടെ അപകടത്തിൽ പരിക്കേറ്റ 32 പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് രണ്ട് അപകടങ്ങളും ഉണ്ടായിരിക്കുന്നത്.

വസ്ത്രനിര്‍മാണശാലയിലെ ജീവനക്കാരുമായി പോകുകയായിരുന്ന മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടം ഉണ്ടായിരിക്കുന്നത്. ബസ്സിലുണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 22ഓളം പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ​എട്ടു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂയസ് കനാലിന് സമീപത്തെ പോർട്ടിൽ വച്ചായിരുന്നു അപകടം നടന്നത്. അപകട കാരണം വ്യക്തമല്ല. ഇതിന് പിന്നാലെ മണിക്കൂറുകൾക്ക് ശേഷമാണ് രണ്ടാമത്തെ അപകടം റിപ്പോർട്ട് ചെയ്യുന്നത്.

വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന രണ്ട് ബസുകൾ ട്രക്കുകമായി കൂട്ടിയിച്ചായിരുന്നു അപകടം ഉണ്ടായത്. കെയ്റോയിൽ നിന്ന് അയ്ൻ സോഖ്നയിലേക്ക് പോകുകയായിരുന്ന ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ഇന്ത്യക്കാരനും രണ്ട് മലേഷ്യന്‍ വനിതകളും മൂന്ന് ഈജിപ്ത് സ്വദേശികളുമാണ് അപകടത്തില്‍ മരിച്ചത്. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരും ഗുരുതരനില തരണം ചെയ്തതായി സുരക്ഷാ ഉദ്യോ​ഗസ്ഥർ പറഞ്ഞതായി ഈപ്ജിത്തിലെ ഔദ്യോഗിക ദിനപത്രമായ അല്‍ അഹ്‌റാം റിപ്പോർട്ട് ചെയ്തു.