സിങ്കപ്പൂര്‍: ലോകം മുഴുവന്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ സിങ്കപ്പൂരിലെ പതിനായിരക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികളുടെ ആഘോഷം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്വാറന്‍റൈന്‍ സെന്‍ററിലായിരുന്നു. ഇതിനിടെ സിങ്കപ്പൂരിലെ വ്യവസായിയാ ദുഷ്യന്ത് കുമാറും ഭാര്യയും ഒരു പറ്റം പാചക്കാരും ചേര്‍ന്ന് ഇവര്‍ക്കായി പെരുന്നാളിന് ബിരിയാണി തന്നെ തയ്യാറാക്കി. 600 പേര്‍ക്കുള്ള ബിരിയാണിയാണ് ഒരുക്കിയത്. 

''സാധാരണ അവര്‍ അവരുടെ കുടുംബത്തിനൊപ്പമാണ് പെരുന്നാള്‍ ആഘോഷിക്കുന്നതെങ്കില്‍ അവര്‍ ഇത്തരം ഭക്ഷണമായിരിക്കുമല്ലോ കഴിക്കുന്നത്.  എല്ലാവരും ഭക്ഷണം ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുമ്പോള്‍ ഇവരിവിടെ ഒറ്റയ്ക്കാണ്. '' ദുഷ്യന്ത് പറഞ്ഞു. 

സിങ്കപ്പൂരില്‍ ഏകദേശം മൂന്ന് ലക്ഷം വിദേശ തൊഴിലാളികളുണ്ട്. ഇതില്‍ കൂടുതല്‍ പേരും ബംഗ്ലാദേശില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയില്‍ ന്നുമുള്ളവരാണ്. 12 മുതല്‍ 20 പേര്‍ വരെയുള്ള മുറികളിലാണ് പലരും താമസിക്കുന്നത്. ''അവര്‍ ഒറ്റയ്ക്കായെന്ന് തോന്നരുതെന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. അവരുടെ മുഖത്ത് വിടര്‍ന്ന് ചിരി തരുന്നത് വലിയ നിവൃതിയാണ്. '' ദുഷ്യന്ത് കൂട്ടിച്ചേര്‍ത്തു. 

ഏപ്രില്‍ ആദ്യം മുതല്‍ ദിവസവും കുടിയേറ്റ തൊഴിലാളികള്‍ക്കായി 1000 ഭക്ഷണപ്പൊതികളാണ് ദുഷ്യന്ത് വിതരണം ചെയ്യുന്നത്. തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ ആവശ്യമായ ഭക്ഷണം നല്‍കണമെന്ന് സിങ്കപ്പൂര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. 30000 കൊവിഡ് കേസുകളാണ് സിങ്കപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.