ഡബ്ളിന്‍: കൊറോണ വൈറസ് പടരുന്നതിനിടയില്‍ പബ്ബുകളിലും ബാറിലും ആളുകള്‍ക്ക് ഒത്ത് ചേരാന്‍ അവസരമൊരുങ്ങുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി അയര്‍ലന്‍ഡ് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ്. കൊവിഡ് 19 പടരുന്നതിനെതിരെ രാവും പകലുമില്ലാതെ പോരാടുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അപമാനമാണ് ഇത്തരം സംഭവങ്ങളെന്ന് സൈമണ്‍ ഹാരിസ് പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നടന്ന പാര്‍ട്ടിയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് വിമര്‍ശനം. പാട്ടിനൊപ്പം മദ്യപിച്ച് നൃത്തം ചവിട്ടുകയും. തൊട്ടടുത്ത് പെരുമാറുകയും ചെയ്യുന്ന നിരവധിയാളുകളെ വീഡിയോയില്‍ കാണാന്‍ സാധിക്കും. കര്‍ശനമായ നിര്‍ദേശങ്ങള്‍ ആളുകള്‍ക്ക് നല്‍കുന്നതിന് ഇടയിലാണ് ഇത്തരം അലക്ഷ്യമായ നടപടിയെന്ന് സൈമണ്‍ ഹാരിസ് കുറ്റപ്പെടുത്തി.

ഇത്തരം സംഭവങ്ങള്‍ അഭിലഷണീയമല്ലെന്നും സൈമണ്‍ ഹാരിസ് വിശദമാക്കുന്നു. ഡബ്ളിനിലെ ടെപിള്‍ ബാര്‍ എന്ന സ്ഥാപനത്തിലാണ് അലക്ഷ്യമായ രീതിയിലുള്ള പരിപാടി ശനിയാഴ്ച വൈകുന്നേരം സംഘടിപ്പിച്ചത്. അയര്‍ലന്‍ഡിലെ പ്രമുഖ ബാറുകളില്‍ ഒന്നാണ് ടെംപിള്‍ ബാര്‍. ആഗോള മഹാമാരിക്കെതിരെ ഡോക്ടര്‍മാരും നഴ്സുമാരും അഹോരാത്രം പ്രയത്നിക്കുന്നതിന് ഏറെ അകലെയല്ല ഇത് എന്ന കുറിപ്പോടെയാണ് സൈമണ്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നിരവധിയാളുകളാണ് ആരോഗ്യമന്ത്രിയുടെ അഭിപ്രായത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. നിരവധിപ്പേരുടെ ജീവന്‍ അപകടത്തിലാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു. അയര്‍ലന്‍ഡിലുള്ള എല്ലാവര്‍ക്കും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം ബാധകമാണ്. ഒരു പ്രത്യേക പ്രായത്തിലുള്ളവരെ മാത്രമല്ല വൈറസ് ബാധിക്കുകയെന്ന് അയര്‍ലന്‍ഡിലെ ചീഫ് മെഡിക്കല്‍ ഓഫീസല്‍ ഡോ ടോണി ഹോളോഹാന്‍ പറയുന്നു.