Asianet News MalayalamAsianet News Malayalam

കാനഡ പൊതുതെരഞ്ഞെടുപ്പ്: അധികാരം നിലനിര്‍ത്തി ജസ്റ്റിന്‍ ട്രൂഡോ

കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ചെറുപാര്‍ട്ടികളുടെ സഹായത്തോടെ ട്രൂഡോയ്ക്ക് അനായാസം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

Canada election: Trudeau's Liberals win but lose majority
Author
Ottawa, First Published Oct 22, 2019, 4:08 PM IST

ഒട്ടോവ: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അന്തിമചിത്രം തെളിഞ്ഞപ്പോള്‍ കാനഡയുടെ നിലവിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ തുടരുമെന്നുറപ്പായി. ലിബറല്‍ പാര്‍ട്ടി പാര്‍ലമെന്‍റിലെ ഒറ്റകക്ഷിയായതോടെയാണ് ട്രൂഡോയ്ക്ക് അധികാരത്തില്‍ തുടരാന്‍ വഴിയൊരുങ്ങിയത്. കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ചെറുപാര്‍ട്ടികളുടെ സഹായത്തോടെ ട്രൂഡോയ്ക്ക് അനായാസം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

പാര്‍ലമെന്‍റിലെ 338 സീറ്റുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡ 33 ശതമാനം വോട്ടു വിഹിതം 157 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. കേവലഭൂരിപക്ഷത്തിന് 170 സീറ്റുകളാണ് വേണ്ടത്. മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ്സ് 34 ശതമാനം വോട്ടുവിഹിതം കരസ്ഥമാക്കിയെങ്കിലും 121 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. കഴിഞ്ഞ തവണ 95 സീറ്റുകള്‍ മാത്രമായിരുന്നു കണ്‍സര്‍വേറ്റീവ്സിന് നേടാനായത്. 

ഇന്ത്യന്‍ വംശജ്ഞനായ ജഗ്മീറ്റ് സീംഗ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന എന്‍ഡിപി തെരഞ്ഞെടുപ്പിലെ കറുത്ത കുതിരകളായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 16 ശതമാനം വോട്ടുവിഹിതത്തോടെ 17 സീറ്റുകള്‍ നേടാന്‍ മാത്രമേ അവര്‍ക്കായുള്ളൂ. മറ്റൊരു ചെറുപാര്‍ട്ടിയായ ബ്ലോക്ക് ക്വബിക്വാസ് 14 സീറ്റുകളും ഗ്രീന്‍ പാര്‍ട്ടി ഓഫ് കാന്നഡ 3 സീറ്റുകളും നേടി. ഇത്തരം ചെറുപാര്‍ട്ടികളുടെ സഹായത്തോടെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ട്രൂഡോയുടെ പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. 

ഭരണമാറ്റം ഉണ്ടായാൽ വലതുപക്ഷ വാദികളായ കൺസെർവേറ്റീവ് പാർട്ടിയുടെ നേതാവ് ആൻഡ്രൂ ഷിയേഴ്സ് കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഒരുകക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ നിലവിലെ ഭരണ കക്ഷിയായ ലിബറൽ പാർട്ടിയും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇടതുപക്ഷത്തെ എൻഡിപിയെ  കൂട്ടുപിടിച്ചു സഖ്യ കക്ഷി ഭരണത്തിന് ശ്രമിക്കുമെന്നും സൂചനയുണ്ടായിരുന്നു.

തങ്ങൾ അധികാരത്തിൽ എത്തിയാൽ എസ്.എൻ.സി ലാവലിൻ കമ്പനി നടത്തിയ എല്ലാ വിദേശ ഇടപാടുകളും കരാറുകളുടെ മേൽ ജുഡീഷ്യൽ അന്ന്വേഷണം നടത്തുമെന്നും കോൺസെർവറ്റിവ് പാർട്ടി നേതാവ് ആൻഡ്രൂ ഷിയേഴ്സ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ഒരു പക്ഷേ ഇന്ത്യൻ രാഷ്ട്രീയത്തിലും പ്രത്യേകിച്ച് കേരളം രാഷ്ട്രീയത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമായിരുന്നു. 

വർധിച്ചു വരുന്ന തൊഴിലില്ലായമയും, സാമ്പത്തിക മാന്ദ്യവും, ക്രൂഡ് ഓയിലിന്റെ വിലയിടിവും, എണ്ണ പൈപ്പ് ലൈൻ നിർമ്മാണ തടസ്സവും ഈ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലും, ബ്രിട്ടനിലും വലതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നതിന്റെ ചുവടു പിടിച്ച് കാനഡയിലും വലതുപക്ഷ സർക്കാർ അധികാരത്തിലെത്താനുള്ള സാധ്യത പല മാധ്യമങ്ങളും പങ്കുവച്ചിരുന്നു. എന്നാൽ അതെല്ലാം തെറ്റിച്ചു കൊണ്ടാണ് ഫലം വന്നിരിക്കുന്നത്. കാനഡയിൽ ട്രൂഡോയ്ക്ക് അധികാരം നഷ്ടമാക്കുകയും വലതുപക്ഷ പാർട്ടിയായ കൺസർവേറ്റീവ്സ് അധികാരത്തിലെത്തുകയും ചെയ്യുന്ന പക്ഷം‌ അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റെ തെരഞ്ഞെടുപ്പിൽ ട്രംപിന് അതു​ഗുണം ചെയ്യും എന്നും വിലയിരുത്തലുകളുണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios