Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ; ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ട ലംഘനമെന്ന് കനേഡിയൻ മന്ത്രി

ഇന്ത്യയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചത്.

Canada Withdraws 41 Diplomats From India Amid Diplomatic Row SSM
Author
First Published Oct 20, 2023, 9:13 AM IST

മോണ്‍ട്രിയാല്‍: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി കാനഡ. ഇന്ത്യയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചത്. ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കാനഡ പ്രതികരിച്ചു. എന്നാൽ കാനഡ തിരിച്ച് അത്തരത്തില്‍ പെരുമാറില്ലെന്നും നയതന്ത്ര ബന്ധം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ പിന്തുടരുമെന്നും വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പ്രതികരിച്ചു. അതേസമയം കാനഡ പുറത്താക്കിയ ഇന്ത്യൻ ഉദ്യോഗസ്ഥൻ ദില്ലിയിൽ മടങ്ങിയെത്തി

കാനഡയില്‍ ഖാലിസ്ഥാൻ നേതാവ്  ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ഇന്ത്യയിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതമായി കാനഡയില്‍ എത്തുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പറഞ്ഞു.

'ജോലി കിട്ടാനില്ല, ജീവിതച്ചെലവ് കൂടുതല്‍': കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

ഖാലിസ്ഥാന്‍ അനുകൂലിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ സഹകരിക്കണമെന്ന് കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ കാനഡയുടെ ആരോപണങ്ങള്‍ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് കാനഡ ഒരു ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തു.

കാനഡ ഹാജരാക്കുന്ന ഏത് തെളിവും പരിശോധിക്കാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരത്തെ പ്രതികരിച്ചിട്ടുണ്ട്. കാനഡയിൽ നിന്നുള്ള സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ച് നിരവധി തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാനഡ കേന്ദ്രീകരിച്ചുള്ള ഖാലിസ്ഥാന്‍ വിഘടനവാദമാണ് മന്ത്രി ജയശങ്കർ സൂചിപ്പിച്ചത്. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ അസംബന്ധം എന്നാണ് രാജ്യം വിശേഷിപ്പിച്ചത്. 

1997ൽ കാനഡയിലേക്ക് കുടിയേറിയ നിജ്ജാറിന് 2015ലാണ് കനേഡിയൻ പൗരത്വം ലഭിച്ചത്. ഈ വര്‍ഷം ജൂണിൽ വാൻകൂവറിനടുത്തുള്ള സിഖ് ക്ഷേത്രത്തിന് പുറത്ത് അക്രമികളുടെ വെടിയേറ്റ് മരിച്ചു. കാനഡയിൽ ഏകദേശം 7,70,000 സിഖുകാരാണ് താമസിക്കുന്നത്. കാനഡയിലെ ജനസംഖ്യയുടെ രണ്ട് ശതമാനത്തോളം വരും. ഖാലിസ്ഥാൻ എന്ന പേരില്‍ സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ കാനഡയിലുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios