- Home
- News
- International News
- പറന്നിറങ്ങി സൈനികർ, പ്രതിരോധമില്ലാതെ വമ്പൻ എണ്ണക്കപ്പൽ, കരീബിയൻ കടലിൽ 'സ്കിപ്പർ' പിടിയിൽ
പറന്നിറങ്ങി സൈനികർ, പ്രതിരോധമില്ലാതെ വമ്പൻ എണ്ണക്കപ്പൽ, കരീബിയൻ കടലിൽ 'സ്കിപ്പർ' പിടിയിൽ
ദി സ്കിപ്പറെന്ന ഭീമനെ പിടിയിലാക്കിയ ഓപ്പറേഷൻ തുടങ്ങിയത് യുഎസ്എസ് ജെറാൾഡ് ആർ ഫോഡ് എന്ന വിമാന വാഹിനി കപ്പലിൽ നിന്ന്. 4 മാസമായി വെനസ്വേലയ്ക്ക് മേൽ കരീബിയൻ കടലിൽ നിരന്തര സമ്മർദ്ദം ചെലുത്തിയ ശേഷമാണ് നിലവിലെ നടപടി.

2 ഹെലികോപ്ടർ 20 സേനാംഗങ്ങൾ, നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയായ ഓപ്പറേഷൻ
രണ്ട് ഹെലികോപ്ടർ, പ്രത്യേക സേനാംഗങ്ങൾ, 10 കോസ്റ്റ്ഗാർഡ് സേനാംഗങ്ങൾ, 10 യുഎസ് മറൈനുകൾ എന്നിവരാണ് വെനസ്വേലയുടെ പടുകൂറ്റൻ എണ്ണ കപ്പൽ പിടിച്ചെടുത്തത്. വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്റ്റ്ഗാർഡ് മാരിടൈം സെക്യൂരിറ്റി റെസ്പോൺസ് ടീമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
2022 മുതൽ ഉപരോധം നേരിടുന്ന കപ്പൽ
ഓപ്പറേഷൻറെ വീഡിയോ പുറത്ത് വിട്ട് അറ്റോണി ജനറൽ. ദീർഘകാലമായി കപ്പലിനെതിരെ വാറന്റ് ഉണ്ടായിരുന്നുവെന്ന് അറ്റോണി ജനറൽ പാം ബോണ്ടി. 2022ലാണ് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റി ദി സ്കിപ്പർ എന്ന കപ്പലിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. ഇറാനിയൻ റെവലൂഷണറി ഗാർഡ്, ഹിസ്ബൊള്ള അടക്കമുള്ള ഭീകരവാദ സംഘങ്ങളുമായുള്ള ബന്ധത്തേ തുടർന്നായിരുന്നു ഉപരോധം.
2025ൽ ദി സ്കിപ്പർ, 2022ൽ അഡിസ
2022ൽ റഷ്യൻ ഓയിൽ വ്യാപാര രംഗത്തെ കോടീശ്വരനായ വിക്ടർ ആർട്ടിമോവിന്റെ അധീനതയിൽ ആയിരുന്ന ദി സ്കിപ്പറിന്റെ അന്നത്തെ പേര് അഡിസ എന്നായിരുന്നു. വിക്ടർ ആർട്ടിമോവിന്റെ നേതൃത്വത്തിൽ ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വിവിധയിടങ്ങളിൽ എത്തിയെന്നാണ് അമേരിക്ക വിശദമാക്കുന്നത്.
ഇറാനും വെനസ്വേലയ്ക്കുമെതിരെ അമേരിക്ക
ഇറാനും വെനസ്വേലയും തമ്മിലുള്ള ബന്ധം വർഷങ്ങളായി വ്യവസ്ഥാപിതമായിയെന്ന് അമേരിക്ക വിശദമാക്കുന്നത്. വൻ ക്രൂഡ് ഓയിൽ ശേഖരമുണ്ടായിട്ടും ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഓയിലിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേല. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സ്ഥാപകാംഗങ്ങളിലൊന്നുമാണ്. ഒരു വർഷം ശരാശരി 7.49 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് വെനസ്വേലയുടെ പ്രതിദിന കയറ്റുമതി. ഇതിൽ ഏതാണ്ട് പാതിയും ചെല്ലുന്നത് ചൈനയിലേക്കാണ്. യുഎസിലേക്ക് പ്രതിദിനം 1.32 ലക്ഷം ബാരലും വെനസ്വേല കയറ്റുമതി ചെയ്യുന്നുണ്ട്.
നിലവിൽ നിയന്ത്രിക്കുന്നത് നൈജീരിയ അടിസ്ഥാനമാക്കിയുള്ള മാനേജ്മെന്റ്
നിലവിൽ കപ്പൽ നിയന്ത്രിക്കുന്നത് നൈജീരിയ അടിസ്ഥാനമാക്കിയുള്ള മാനേജ്മെന്റ്. തോമാറോസ് ഗ്ലോബൽ വെൻചേഴ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലാണ് ദി സ്കിപ്പറുള്ളത്. 20 വർഷത്തോളം പഴക്കമുള്ള കപ്പലിന് 1092 അടി നീളമാണ് ഉള്ളത്. നിർമ്മാണ സമയത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കപ്പലുകളിലൊന്നായിരുന്നു ഇത്.
ദി സ്കിപ്പർ ഹയാനയുടേതെന്ന വാദം തള്ളി രാജ്യം
ഹയാനയുടെ കപ്പലാണെന്ന വാദം തള്ളി രാജ്യം. ദി സ്കിപ്പർ ഗയാനയുടെ പതാക വഹിക്കുന്നത് അനധികൃതമായെന്നാണ് ഗയാന ബുധനാഴ്ച വ്യക്തമാക്കിയത്. ദക്ഷിണ അമേരിക്കൻ രാജ്യത്താണ് ദി സ്കിപ്പറെ രജിസ്റ്റർ ചെയ്തത് എന്നാണ് ഗയാന വിശദമാക്കിയത്.
ക്യൂബയിലേക്ക് പുറപ്പെട്ട കപ്പലെന്ന് റിപ്പോർട്ട്
വമ്പൻ ക്രൂഡ് കാരിയർ അഥവാ വിഎൽസിസി വിഭാഗത്തിൽ ഉൾപ്പെടുന്ന കപ്പലാണിത്. നവംബർ പാതിയോടെ നിറച്ച 11 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സ്കിപ്പറിലുണ്ട്. ക്യൂബ ലക്ഷ്യമാക്കിയായിരുന്നു കപ്പലിന്റെ യാത്രയെന്നുമാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കൻ സാമ്രാജ്യത്തിന്റെ പല്ലടിച്ച് താഴെയിടാൻ സജ്ജരാകാൻ നിക്കോളാസ് മദൂറോ
കാരക്കാസിൽ നടന്ന റാലിയിൽ പോരാളികളെ പോലെ പെരുമാറണമെന്ന് നിക്കോളാസ് മദൂറോ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. വേണ്ടിവന്നാൽ വടക്കൻ അമേരിക്കൻ സാമ്രാജ്യത്തിന്റെ പല്ലുകൾ അടിച്ച് താഴെയിടേണ്ടി വരാൻ സജ്ജമാണെന്നും നിക്കോളാസ് മദൂറോ റാലിയിൽ പ്രതികരിച്ചിരുന്നു
അമേരിക്കയുടെ ലക്ഷ്യം മദൂറോയെന്ന് സൂചനകൾ
2013 മുതൽ വെനസ്വേലയിൽ നിക്കോളാസ് മദൂറോ അധികാരത്തിലുണ്ട്. ഹ്യൂഗോ ഷാവേസ് കാൻസർ ബാധിതനായി മരണത്തിന് കീഴടങ്ങിയ ശേഷമാണ് നിക്കോളാസ് മദൂറോ അധികാരത്തിലെത്തിയത്. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് നിക്കോളാസ് മദൂറോ അട്ടിമറിച്ചതായി വ്യാപക ആരോപണം ഉയർന്നിരുന്നു.
പിടിച്ചെടുത്തതിൽ ഏറ്റവും വലിയ കപ്പലെന്ന് ട്രംപ്
നാല് മാസമായി വെനസ്വേലയ്ക്ക് മേൽ പല രീതിയിൽ നിരന്തര സമ്മർദ്ദം ചെലുത്തിയ ശേഷമാണ് നിലവിലെ നടപടി. ബുധനാഴ്ചയാണ് എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്നാണ് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. ഇതിനോടകം പിടിച്ചെടുത്തതിൽ ഏറ്റവും വലുതാണ് ഈ കപ്പലെന്നാണ് ട്രംപ് വിശദമാക്കുന്നത്

