സംഭവം റോഡ് അപകടമാണോ അതല്ല ഏതെങ്കിലും തരത്തിലുള്ള ആക്രമണമാണോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ പുറത്തുള്ള ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയേടെയായിരുന്നു സംഭവമെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി കാർ ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഡൗണ്‍ ടൗൺ വാഷിംഗ്ടൺ ഡിസി ഏരിയയിലെ വൈറ്റ് ഹൗസിന് സമീപമുള്ള റോഡുകൾ അടച്ചു.
സംഭവസമയത്ത് പ്രസിഡന്റ് ജോ ബൈഡൻ വാഷിംഗ്ടൺ ഡിസിയിൽ ഉണ്ടായിരുന്നില്ല. സൗത്ത് കരോലിനയിൽ നിന്ന് ടെക്സസിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. കാറിടിച്ചു കയറിയ സംഭവം റോഡ് അപകടമാണോ അതല്ല ഏതെങ്കിലും തരത്തിലുള്ള ആക്രമണമാണോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വൈറ്റ് ഹൗസിന് സമീപമുള്ള ഫിഫ്റ്റീത് സ്ട്രീറ്റിലും പെൻസിൽവാനിയ അവന്യൂവിലും ഗതാഗത തടസവുമുണ്ടായി.
വാഷിംഗ്ടൺ ഡിസി പോലീസ് വൈറ്റ് ഹൗസിന് സമീപത്തു നിന്ന് വാഹനം നീക്കം ചെയ്തു. യുഎസ് സീക്രട്ട് സർവീസ് ചീഫ് ഓഫ് കമ്മ്യൂണിക്കേഷൻസ് ആന്റണി ഗുഗ്ലിയൽമി സംഭവത്തെകുറിച്ച് വിശദീകരിച്ചുകൊണ്ട് എക്സിൽ കുറിച്ചതിങ്ങനെ, "വൈകിട്ട് ആറ് മണിയോടെ ഒരു വാഹനം വൈറ്റ് ഹൗസ് സമുച്ചയത്തിന്റെ പുറം ഗേറ്റുമായി കൂട്ടിയിടിച്ചു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഇടിച്ചുകയറിയതിന്റെ കാരണവും രീതിയും ഞങ്ങൾ അന്വേഷിക്കുകയാണ്".
അതേസമയം വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറിയ വീഴ്ത്തിയ സംഭവവും ഇതാദ്യമല്ല. സമാനമായ സംഭവങ്ങളില്‍ നേരത്തെയും ഏതാനും വ്യക്തികളെ പല സമയങ്ങളിലായി സീക്രട്ട് സര്‍വീസ് അറസ്റ്റ് ചെയ്തിരുന്നു.
