ട്രാംപോളിനിൽ ചാടിക്കൊണ്ടിരുന്ന 7 വയസുകാരനെ ഇടിച്ച് തെറിപ്പിച്ചാണ് കാർ കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് ഇടിച്ച് കയറിയത്
ബോംട്ടെ: റോഡിൽ നിന്ന് തെന്നി മാറിയ കാർ ഇടിച്ച്കയറിയത് പത്ത് അടിയോളം ഉയരത്തിലുള്ള കളപ്പുരയുടെ ഉത്തരത്തിൽ. വാഹനം ഓടിച്ചിരുന്നയാൾ ഉൾപ്പെടെ നിരവധിപ്പേർക്ക് സംഭവത്തിൽ പരിക്കേറ്റു. ജർമ്മനിിലെ ബോംട്ടെയിലാണ് സംഭവം. ട്രാംപോളിനിൽ ചാടിക്കൊണ്ടിരുന്ന 7 വയസുകാരനെ ഇടിച്ച് തെറിപ്പിച്ചാണ് കാർ കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് ഇടിച്ച് കയറിയത്.
റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിച്ച ശേഷമാണ് കാർ നിയന്ത്രണം വിട്ട് സമീപത്തെ പൂന്തോട്ടത്തിലേക്കും അവിടെ നിന്ന് കെട്ടിടത്തിലേക്കും ഇടിച്ച് കയറിയത്. ട്രാംപോളിനിൽ കളിച്ചുകൊണ്ടിരുന്ന 7 വയസുകാരന് അപകടത്തിൽ ഗുരുതര പരിക്കാണ് സംഭവിച്ചിട്ടുള്ളത്. 42കാരനും ഭാര്യയും രണ്ട് മക്കളും 13 വയസുള്ള മറ്റൊരു കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. 42കാരനും ഭാര്യയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
നിരവധി റിക്കവറി വാഹനങ്ങളും രണ്ട് ഹെലികോപ്ടറിന്റെയും സഹായത്തോടെയാണ് കാർ കെട്ടിടത്തിൽ നിന്ന് നിലത്ത് ഇറക്കാനായത്. മേൽക്കൂര പൊളിച്ച ശേഷമായിരുന്നു രക്ഷാപ്രവർത്തനം. സംഭവത്തിൽ അന്വേഷണം നടക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. കാറിന്റെ വശങ്ങൾ മുറിച്ച് നീക്കിയാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
