അറ്റ്ലാന്ത: മെക്‌സികോയിലെ കൊസുമെല്‍ തുറമുഖത്ത് കാർണിവൽ കപ്പലുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേർക്ക് പരിക്കേറ്റു. കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ കപ്പലുകളായ കാർണിവൽ ​ഗ്ലോറിയും കാർണിവൽ ലെജൻ‌ഡുമാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കാര്‍ണിവല്‍ ഗ്ലോറിയുടെ ഡെക്കിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്.

കാര്‍ണിവല്‍ ഗ്ലോറിയിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. നിസാരമായി പരിക്കേറ്റ യാത്രക്കാരെ കാർണിവൽ ​ഗ്ലോറി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചതായി കമ്പനി അധികൃതർ വ്യക്തമാക്കി. രണ്ട് കപ്പലുകൾക്കിടയിൽ ഉണ്ടായ അലിഷന്‍ കാരണമാണ് അപകടം സംഭവിച്ചത്. നങ്കൂരമിട്ടിരുന്ന കപ്പല്‍ മറ്റൊരു കപ്പലില്‍ വന്നിടിക്കുന്ന പ്രതിഭാസത്തിന് സാങ്കേതികമായി അലിഷന്‍ (allision) എന്നാണ് പറയുന്നതെന്നും അധികൃതർ പറഞ്ഞു.

കാര്‍ണിവല്‍ ഗ്ലോറി തുറമുഖത്തേക്ക് അടുക്കുന്നതിനിടെയാണ് തുറമുഖത്തെത്തിയ കാര്‍ണിവല്‍ ലെജൻഡിൽ ഇടിക്കുന്നത്. കപ്പലുകൾ കൂട്ടിയിടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, കപ്പലിനുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് വിശദമായ പരിശോധനയ്ക്ക് ശേഷമേ പറയാന്‍ സാധിക്കുകയുള്ളുവെന്ന് കാര്‍ണിവല്‍ ക്രൂയിസ് ലൈന്‍ വക്താവ് അറിയിച്ചു.