കെന്‍റക്കി: തത്സമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച യുവാവിനെതിരെ കേസ്. അമേരിക്കയിലെ 'വേവ് 3 ന്യൂസ്'  റിപ്പോര്‍ട്ടര്‍ സാറ റിവെസ്റ്റിനോടാണ്  യുവാവ് അപമര്യാദയായി പെരുമാറിയത്. ലൈവില്‍ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി ഫ്രെയിമിലേക്ക് കയറിയ യുവാവ് സാറയെ ചുംബിക്കുകയായിരുന്നു. 

പെട്ടെന്നുണ്ടായ സംഭവം അവഗണിച്ച സാറ റിപ്പോര്‍ട്ടിങ് തുടരാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതിന് കഴിഞ്ഞില്ല. സംഭവം അനുചിതമാണെന്ന് പ്രതികരിച്ച സാറ പിന്നീട് വീഡിയോ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു.  'ഹേയ് മിസ്റ്റര്‍ ഇതാണ് നിങ്ങളുടെ പ്രശസ്തിയുടെ മൂന്ന് നിമിഷങ്ങള്‍. നിങ്ങളെന്നെ സ്പര്‍ശിച്ചില്ലെങ്കിലോ? നന്ദി' എന്ന് കുറിച്ചുകൊണ്ടായിരുന്നു സാറയുടെ ട്വീറ്റ്. 

സംഭവത്തില്‍ സാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല്‍പ്പത്തിരണ്ടുകാരനായ എറിക് ഗുഡ്മാനെതിരെ പൊലീസ് കേസെടുത്തു. ജോലി തടസ്സപ്പെടുത്തിയതിനും ശല്യം ചെയ്തതിനും മാപ്പപേക്ഷിച്ച് ഇയാള്‍ സാറയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രവൃത്തി ഇനി ഇയാളില്‍ നിന്നുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി സാറ പ്രതികരിച്ചു. 90 ദിവസം ജയില്‍വാസമോ 250 ഡോളര്‍ പിഴയോ ഇയാള്‍ക്ക് ശിക്ഷയായി ലഭിക്കാം.