ഇസ്ലാമാബാദ്: വാര്‍ത്താസമ്മേളനത്തിന്‍റെ ഫേസ്ബുക്ക് ലൈവില്‍ 'ക്യാറ്റ് ഫില്‍റ്റര്‍' കടന്നുകൂടിയതോടെ അബദ്ധം പിണഞ്ഞ് പാക് മന്ത്രി. പാക് മന്ത്രി ഷൗക്കത്ത് യൂസഫ്സായുടെ വാര്‍ത്താസമ്മേളനം ഫേസ്ബുക്കില്‍ തുടരുന്നതിനിടെയാണ് മന്ത്രിക്ക് പൂച്ചയുടെ ചെവിയും മീശയും കടന്നുകൂടിയത്.

പ്രാദേശിക പ്രശ്നങ്ങള്‍ വിശകലനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സമ്മേളനം പാക്കിസ്ഥാനിലെ പ്രമുഖ പാര്‍ട്ടിയായ തെഹ്‍രിക്-എ-ഇന്‍സാഫിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ലൈവായി ഷെയര്‍ ചെയ്തത്. എന്നാല്‍ ലൈവ് സ്ട്രീമിങിനിടെ മന്ത്രിയുടെ മുഖത്ത് പൂച്ചയുടെ ചെവിയും മീശയും ഉള്‍പ്പെടുന്ന ക്യാറ്റ് ഫില്‍റ്റര്‍ അബദ്ധത്തില്‍ കടന്നുകൂടുകയായിരുന്നു. വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും അതിന് മുമ്പ് തന്നെ നിരവധി സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.  ഇതോടെ മന്ത്രിയെ പരിഹസിക്കുന്ന  ട്രോളുകളുമായി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും സജീവമായി. 

വാര്‍ത്താ സമ്മേളനത്തിനിടെ ക്യാറ്റ് ഫില്‍റ്റര്‍ അബദ്ധത്തില്‍ കയറിവന്നതാണെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്ന വീഡിയോ നീക്കം ചെയ്തെന്നും പാര്‍ട്ടി വക്താക്കള്‍ ട്വിറ്ററില്‍ വിശദീകരണം നല്‍കി.