Asianet News MalayalamAsianet News Malayalam

'കൊവിഡ് ദൈവത്തിന്റെ അനുഗ്രഹം'; തനിക്ക് ലഭിച്ച ചികിത്സ ജനങ്ങള്‍ക്ക് സൗജന്യമാക്കുമെന്ന് ട്രംപ്

'' എനിക്ക് എന്താണോ ലഭിച്ചത് അത് നിങ്ങള്‍ക്കും ലഭിക്കണം. അതിനാല്‍ ഞാനത് സൗജന്യമാക്കുന്നു'' കൊവിഡ് ചികിത്സയെക്കുറിച്ച് ട്രംപ് പറഞ്ഞു.
 

Catching COVID-19 Was A "Blessing From God", Says Trump
Author
Washington D.C., First Published Oct 8, 2020, 10:20 AM IST


വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ചത് ദൈവത്തിന്റെ അനുഗ്രമായി കാണുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത് തന്നെ പരീക്ഷണ ചികിത്സയ്ക്ക് വിധേയനാക്കിയെന്നും ആ ചികിത്സ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്നും ആശുപത്രി വിട്ടതിനുശേഷമുള്ള ആദ്യ വീഡിയോയില്‍ ട്രംപ് പറഞ്ഞു. 

'' എനിക്ക് എന്താണോ ലഭിച്ചത് അത് നിങ്ങള്‍ക്കും ലഭിക്കണം. അതിനാല്‍ ഞാനത് സൗജന്യമാക്കുന്നു'' കൊവിഡ് ചികിത്സയെക്കുറിച്ച് ട്രംപ് പറഞ്ഞു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ട്രംപ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ആശുപത്രി വിട്ടെങ്കിലും ട്രംപിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. 

210000 അമേരിക്കക്കാരുടെ ജീവനെടുത്ത കൊവിഡ് വ്യാപനത്തോട് തണുത്ത പ്രതികരണമായിരുന്നു പ്രസിഡന്റ് ട്രംപിന്റേത്. മാസ്‌കിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തിയതുവഴി വൈറ്റ് ഹൗസിലെ ജീവനക്കാര്‍ അപകടാവസ്ഥയിലെത്തിയിരുന്നു. കൊവിഡ് വ്യാപനത്തോടുളള ട്രംപിന്റെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. 

വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍ സജീവമാകുമെന്ന് അറിയിച്ചിരുന്നു. കൊവിഡില്‍ ഭയപ്പെടേണ്ടെന്ന് പുറത്തിറങ്ങിയ ശേഷം ട്രംപ് ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലായിരുന്നു ട്രംപിന്റെ ചികിത്സ.

ട്രംപ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുന്നത് ടിവി ചാനലുകള്‍ തത്സമം സംപ്രേഷണം ചെയ്തു. വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്. വൈറ്റ്ഹൗസിലെത്തിയ ഉടനെ മാസ്‌ക് മാറ്റി അനുയായികളെ അഭിവാദ്യം ചെയ്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് കൊവിഡ് ബാധിതനായ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനിയും രക്തത്തില്‍ ഓക്സിജന്റെ അളവില്‍ മാറ്റം വരുകയും ചെയ്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Follow Us:
Download App:
  • android
  • ios