മാസ്ക് ധരിച്ചുകൊണ്ടിരിക്കുന്നത് അലര്‍ജി അടക്കമുള്ള ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നും പഠനത്തിന് വെല്ലുവിളിയാവുമെന്നുമാണ്  ഇവര്‍ വാദിക്കുന്നത്. അധ്യാപകര്‍ പറയുന്നത് കുട്ടികള്‍ക്ക് മനസിലാകാതെ വരുമെന്നും ഇവര്‍ വാദിക്കുന്നു

സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന വാദവുമായി മിഷിഗണിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്കൂള്‍. ലാൻസിംഗ് ആസ്ഥാനമായുള്ള എലമെന്‍ററി സ്കൂളാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അഞ്ച് വയസും അതിന് മുകളില്‍ പ്രായവുമുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സ്കൂള്‍ വാദിക്കുന്നത്.

മതവിശ്വാസത്തില്‍ അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങളുടെ ലംഘനമാകും ഇതെന്നാണ് സ്കൂള്‍ ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്തീയ വിശ്വാസം അനുസരിച്ച് ദൈവത്തിന്‍റെ ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. മാസ്ക് ധരിക്കുന്നത് ഈ മുഖം കാണാതെ മറയ്ക്കാനാണെന്നും സ്കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നത്. മാസ്ക് ധരിച്ചുകൊണ്ടിരിക്കുന്നത് അലര്‍ജി അടക്കമുള്ള ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നും പഠനത്തിന് വെല്ലുവിളിയാവുമെന്നുമാണ് ഇവര്‍ വാദിക്കുന്നത്. അധ്യാപകര്‍ പറയുന്നത് കുട്ടികള്‍ക്ക് മനസിലാകാതെ വരുമെന്നും ഇവര്‍ വാദിക്കുന്നു.

കേസില്‍ പ്രാഥമികമായി നിരോധന ഉത്തരവുകളൊന്നും ഫെഡറല്‍ കോടതി നടത്തിയിട്ടില്ല. നിലവില്‍ കുട്ടികള്‍ മാസ്ക് ധരിക്കണമെന്ന് നിബന്ധനയില്ലാത്ത സംസ്ഥാനമാണ് മിഷിഗണ്‍. കൊവിഡ് 19 വ്യാപനം കണക്കിലെടുത്ത് പ്രാദേശിക അധികാരികള്‍ക്ക് ഇതുസംബന്ധിയായ തീരുമാനം എടുക്കാമെന്നാണ് മിഷിഗണിലെ ആരോഗ്യ വകുപ്പ് വിശദമാക്കിയിട്ടുള്ളത്. എന്നാല്‍ സ്കൂളിനകത്തുള്ള എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കാതെ മാസ്ക് ഒഴിവാക്കാനാവില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദമാക്കുന്നത്. നിലവില്‍ 12 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചിട്ടില്ല. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona