വാറ്റ്‍ഫോർഡ്, യുകെ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ .. ബക്കിങ്ഹാം കൊട്ടാരത്തിലെ ആ അത്താഴവിരുന്നിനിടെ ഈ ലോകനേതാക്കൾ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ കളിയാക്കുകയായിരുന്നോ? നാറ്റോ ഉച്ചകോടിയ്ക്കായി ലണ്ടനിലെ വാറ്റ്‍ഫോർഡിൽ എത്തിയ ലോകനേതാക്കൾക്കായി ബക്കിങ്ഹാം കൊട്ടാരം ഒരുക്കിയ അത്താഴ വിരുന്നിൽ എത്തിയ ലോകനേതാക്കൾ, ട്രംപിന്‍റെ നീണ്ടുപോകുന്ന വാർത്താസമ്മേളനത്തെയും അതിൽ പറയുന്ന പരാമർശങ്ങളെയും കളിയാക്കുകയായിരുന്നു എന്ന് വ്യക്തമാകുന്ന വീഡിയോ ആണ് കനേഡിയൻ വാർത്താചാനലായ സിബിസി പുറത്തുവിട്ടിരിക്കുന്നത്.

ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് പുറത്തുവിട്ട ദൃശ്യങ്ങളിൽ ആരും സംസാരിക്കുന്നതിന്‍റെ ശബ്ദമില്ല. പക്ഷേ, ചുണ്ടനക്കുന്നതും, ആംഗ്യങ്ങളും ശ്രദ്ധിച്ച് അവരെന്താണ് പറയുന്നതെന്ന് പകർത്തിയെഴുതിയിരിക്കുകയാണ് സിബിസി. ഇത് സബ് ടൈറ്റിലായി താഴെ കാണാം. കണ്ടാൽ നമ്മുടെ ഉള്ളിലും ചിരി പൊട്ടും.

ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിന് ശേഷം വിരുന്നിനെത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചോദിക്കുന്നു: ''അല്ലാ, ഇത് കാരണമാണോ നിങ്ങൾ വൈകിയത്?''

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇടപെടുന്നു: ''അദ്ദേഹം വൈകിയതിന് ഒരു കാരണമേയുള്ളൂ. ഒന്നുമാലോചിക്കാതെ അദ്ദേഹം ഒരു നാൽപ്പത് മിനിറ്റ് വാർത്താസമ്മേളനം വലിച്ച് നീട്ടും.''

''ശരിയാണ്, അങ്ങേര് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയല്ലോ...'', ട്രൂഡോ തുടരുന്നു. ''അങ്ങേരുടെ ടീം തന്നെ വാ പൊളിച്ച് പോയി. വാ വലുതായി നിലത്തുമുട്ടുന്നത് (jaws drop to the floor) എനിക്ക് കാണാമായിരുന്നു'', എന്ന് ട്രൂഡോ. 

നാറ്റോ ഉച്ചകോടിയ്ക്ക് മുമ്പേയുള്ള മക്രോൺ - ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം, സുദീർഘമായ വാർത്താസമ്മേളനം നടന്നിരുന്നു. നാറ്റോയുടെ പല നയങ്ങളെക്കുറിച്ച് ഇരുനേതാക്കളും വാർത്താസമ്മേളനത്തിൽത്തന്നെ വിയോജിപ്പുകൾ പ്രകടമാക്കുന്നതും കണ്ടു. 

ഇതേക്കുറിച്ച് തന്നെയാണ് ബക്കിങ്ഹാം കൊട്ടാരത്തിലെ വിരുന്നിൽ വച്ചും മക്രോൺ സംസാരിക്കുന്നത് എന്നത് വ്യക്തം. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും, കനേഡിയൻ പ്രധാനമന്ത്രിക്കും പുറമേ ബ്രിട്ടണിലെ രാജകുടുംബാംഗങ്ങളിൽ ഒരാളായ ആനും, ഡച്ച് പ്രധാനമന്ത്രി മാർക്ക് റുത്തും ഇത് കേട്ട് ചിരിച്ചുകൊണ്ട് നിൽക്കുന്നതും കാണാം.