അക്രമിയുടെ അച്ഛനെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അച്ഛനെ കൊന്ന ശേഷമാണ് സർവകലാശാലയിൽ വെടിവെപ്പിന്  എത്തിയത് എന്ന് നിഗമനം.

പ്രാ​ഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് സർവകലാശാലയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. അക്രമി നിരവധിപ്പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ചാള്‍സ് സര്‍വകലാശാലയിലെത്തിയ അക്രമി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയുടെ മൃതദേഹവും കണ്ടെത്തി. വെടിയുതിര്‍ത്തശേഷം ഇയാള്‍ സ്വയം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. അക്രമിയുടെ അച്ഛനെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അച്ഛനെ കൊന്ന ശേഷമാണ് സർവകലാശാലയിൽ വെടിവെപ്പിന് എത്തിയത് എന്ന് നിഗമനം.

സംഭവത്തിന് ആഗോള ഭീകരവാദ ബന്ധമില്ലെന്ന് സർക്കാർ വ്യക്തമാക്കി. വെടിവെപ്പില്‍ പരിക്കേറ്റ 36ഓളം പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് തോക്കുധാരി കണ്ണിൽകണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തിയത്. പ്രാദേശിക സമയം ഇന്നലെ ഉച്ചതിരിഞ്ഞു 3. 40 നായിരുന്നു വെടിവെപ്പ് തുടങ്ങിയത്. സംഭവത്തെതുടര്‍ന്ന് ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പൊതുപരിപാടികൾ എല്ലാം റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങി.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live #asianetnews