സാന്‍റിയാഗോ: മുപ്പത്തിയെട്ടു പേരുമായി പോയ ചിലി സൈനിക വിമാനം കാണാതായി. തിങ്കളാഴ്ച വൈകിട്ട് മുതലാണ് വിമാനം കാണാതായതെന്ന് വ്യോമസേന അറിയിച്ചു. 17 ക്രൂ അംഗങ്ങളും 21 യാത്രക്കാരുമായി പോയ സി-130 ഹെര്‍ക്കുലീസ് വിമാനമാണ് കാണാതായത്. 

അന്‍റാര്‍ട്ടിക്കയിലെ ഒരു സൈനിക താവളത്തിലേക്ക് പോയതാണ് വിമാനം. ചിലിയിലെ തെക്കന്‍ നഗരമായ പുന്‍റ അറീനയില്‍ നിന്ന് തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4.55 നാണ് വിമാനം പറന്നുയര്‍ന്നത്. ആറുമണിയോടെ വിമാനവുമായുള്ള ബന്ധം വേര്‍പെടുകയായിരുന്നു. അന്‍റാര്‍ട്ടിക്കയിലെ സൈനികര്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള അവശ്യവസ്തുക്കളുമായാണ് വിമാനം പോയത്. വിമാനത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്.