ദില്ലി: പാകിസ്ഥാനുനായി സംയുക്ത വ്യോമസേന അഭ്യാസം നടത്തി ചൈന. ക്വാഡ് സംയുക്ത സൈനിക അഭ്യാസത്തില്‍ ഇന്ത്യന്‍ നേവി പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ചൈന പാകിസ്ഥാനുമൊത്ത് സൈനിക അഭ്യാസം നടത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരുന്നു അഭ്യാസം. ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന് ഒരാഴ്ചക്ക് ശേഷമാണ് ഇരു രാജ്യങ്ങളും സംയുക്ത അഭ്യാസം നടത്തിയത്.

കറാച്ചിക്കടുത്ത് പുതുതായി തുടങ്ങിയ ഭോലാരി എയര്‍ബേസിലായിരുന്നു ഷഹീന്‍ എന്ന പേരില്‍ അഭ്യാസം നടത്തിയത്. അഭ്യാസത്തിന്റെ വീഡിയോ പാകിസ്ഥാന്‍ പുറത്തുവിട്ടെന്ന് നിക്കെയ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. നാലാം തലമുറ യുദ്ധവിമാനങ്ങളായ ഷെന്‍യാങ് ജെ-11, ചെങ്ദുജെ -10 വിമാനങ്ങളാണ് ചൈന അഭ്യാസത്തിനായി അയച്ചത്. ചൈനീസ് നിര്‍മ്മിത വിമാനങ്ങളായ ചെങ്തു എഫ്-7, ജെഎഫ്-17 വിമാനങ്ങളാണ് പാകിസ്ഥാന്‍ ഉപയോഗിച്ചത്. അമേരിക്കന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ ഉപയോഗിച്ചില്ല. ഇരു രാജ്യങ്ങളും സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം നടത്തിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.