ഷാങ്ഹായ്: കൊറോണ വൈറസ് ബാധിച്ച് 56 പേര്‍ മരിച്ചതോടെ വന്യജീവികളുടെ വില്‍പന നിരോധിച്ച് ചൈന. ചന്തകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഭക്ഷണ ശാലകളിലും ഓണ്‍ലൈന്‍ വഴിയുള്ള എല്ലാ രീതിയിലുമുള്ള വന്യജീവി വില്‍പനയാണ് നിരോധിച്ചിരിക്കുന്നത്. മാംസ വിപണിയിലേക്കും വളര്‍ത്താന്‍ വേണ്ടിയും വന്യമൃഗങ്ങളെ വില്‍ക്കുന്നതിനും വിലക്ക് ബാധകമാണ്. ഇന്ന് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് ചൈന വ്യക്തമാക്കി. രാജ്യാന്തരതലത്തില്‍ 2000 ത്തോളം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടാവുകയും ചൈനയില്‍ 56 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് ചൈന കടക്കുന്നത്. 

നേരത്തെ കൊറോണ വൈറസ് രാജ്യത്ത് പടർന്ന് പിടിക്കുന്നത് തടയാനായി ഹോങ്കോങ്ങിലെ ഡിസ്‌നിലാൻഡ്, ഒഷ്യൻ എന്നീ അമ്യൂസ്‌മെന്റ് പാർക്കുകൾ ഈ മാസം 26 മുതൽ അടച്ചിട്ടതായി ഷാങ്ഹായ് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഡിസ്‌നിലാൻഡിനുള്ളിലെ ഹോട്ടലുകളിൽ പതിവുപോലെ പ്രവർത്തിക്കുമെന്നാണ് ഔദ്യോ​ഗിക മാധ്യമങ്ങളുടെ‌ റിപ്പോർട്ട്.

ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഭൂരിഭാഗവും ഇതുവരെ സ്ഥിരീകരിച്ച മരണങ്ങളും ചൈനയിലാണ്. മധ്യ ചൈനീസ് നഗരമായ ഹുബെയിലെ വുഹാനിൽ നിന്നാണ് കൊറോണ വൈറസ് പടർന്നത്. ചൈനീസ് നഗരങ്ങളായ ബീജിയിങ്, ഷാങ്ഹായ് എന്നീ ന​ഗരങ്ങൾ‌ കൂടാതെ അമേരിക്ക, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, കാനഡ എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

വന്യമൃഗങ്ങളെ അനധികൃതമായി കച്ചവടം നടത്തിയ വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് പടർന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നി​ഗമനം. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ചൈനയിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തരതലത്തിൽ പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യം നിലവിൽ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.