മറ്റുള്ള വാക്‌സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പാദനത്തിനും വിതരണത്തിനും പ്രയോഗത്തിനും മൂക്കില്‍ ഇറ്റിക്കുന്ന വാക്‌സിന്‍ കൂടുതല്‍ സൗകര്യമാകും. അതേസമയം, ആസ്ത്മ, ശ്വാസ കോശം ചുരുങ്ങല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. 

ബീജിംഗ്: കൊവിഡിനെതിരെ മൂക്കില്‍ ഇറ്റിക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ചൈന. ആദ്യമായാണ് മൂക്കില്‍ ഇറ്റിക്കുന്ന വാക്‌സിന്‍ പരീക്ഷിക്കുന്നത്. പരീക്ഷണത്തിന് അധികൃതര്‍ അനുമതി നല്‍കി. പരീക്ഷണത്തിന്റെ ആദ്യഘട്ടം നവംബറില്‍ തുടങ്ങും. ഇതിനായി 100 സന്നദ്ധസേവനകരെയും ഒരുക്കിയിട്ടുണ്ട്. ഹോങ്കോംഗ് യൂണിവേഴ്‌സിറ്റി, ഷിയാമെന്‍ യൂണിവേഴ്‌സിറ്റി, ബീജിംഗ് വാന്റെയ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവര്‍ സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. 

ശ്വാസകോശത്തെ ബോധിക്കുന്ന വൈറസുകള്‍ പടരുന്നത് തടയുമെന്നും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ഹോങ്കോംഗ് യൂണിവേഴ്‌സിറ്റി മൈക്രോബയോളജിസ്റ്റ് യുവെന്‍ ക്വക് യുങ് പറഞ്ഞു. കൊവിഡ് മാത്രമല്ല, എച്ച്1എന്‍1, എച്ച്3എന്‍3 പനികളെയും പ്രതിരോധിക്കാന്‍ വാക്‌സിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ള വാക്‌സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പാദനത്തിനും വിതരണത്തിനും പ്രയോഗത്തിനും മൂക്കില്‍ ഇറ്റിക്കുന്ന വാക്‌സിന്‍ കൂടുതല്‍ സൗകര്യമാകും. അതേസമയം, ആസ്ത്മ, ശ്വാസ കോശം ചുരുങ്ങല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. 

ചൈനയിലാണ് കൊറോണവൈറസ് ഉത്ഭവിച്ചത്. ചൈനയില്‍ ഇതുവരെ തൊണ്ണൂറായിരത്തിന് മുകളില്‍ ആളുകള്‍ക്ക് കൊവിഡ് ബാധിച്ചു. ലോകത്താകമാനം 2.79 കോടിയാളുകള്‍ക്കാണ് രോഗം ബാധിച്ചത്. പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.