ചൈനയിൽ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന ബീജിങ് സിയോൺ ചർച്ചിലെ 18 നേതാക്കളെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി വിവര വിനിമയ ശൃംഖലകൾ ഉപയോഗിച്ചുവെന്ന കുറ്റം ചുമത്തിയാണ് നടപടി. പാസ്റ്റർ ജിൻ മിങ്‌രിയുടെ നേതൃത്വത്തിൽ ഓൺലൈനായാണ് പ്രവർത്തിച്ചുവന്നിരുന്നത്.

ബീജിങ്: ബീജിങ് സിയോൺ ചർച്ചിലെ 18 നേതാക്കളെ ചൈനയിൽ അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ അവകാശ സംഘടനയായ ചൈനഎയ്‌ഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് സർക്കാരിൻ്റെ നിയന്ത്രണത്തിന് വഴങ്ങാതെ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന ഒരു പ്രധാന പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ സഭയാണ് ബീജിംഗ് സിയോൺ ചർച്ച്. വിവര വിനിമയ ശൃംഖലകൾ നിയമവിരുദ്ധമായി ഉപയോഗിച്ചതിൻ്റെ പേരിലാണ് നടപടി. പരമാവധി മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബീജിംഗിൽ 2007-ൽ പാസ്റ്റർ ജിൻ മിങ്‌രി സ്ഥാപിച്ചതാണ് ഈ ക്രിസ്ത്യൻ ചർച്ച്. ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയെ തുടർന്നാണ് 2007-ൽ ജിൻ മിങ്‌രി ബീജിങ് സിയോൺ ചർച്ച് സ്ഥാപിച്ചത്. 50 നഗരങ്ങളിലായി 5000 അംഗങ്ങളുള്ള സഭയായി വളർന്നതിന് പിന്നാലെയാണ് ചൈനീസ് ഭരണകൂടം ഇതിനെ വേട്ടയാടുന്നത്. 2018-ൽ ചൈനീസ് സർക്കാർ പള്ളിയുടെ പ്രധാന കെട്ടിടം അടച്ചുപൂട്ടുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ശേഷം ഓൺലൈനായാണ് സഭ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ അനുമതിയില്ലാത്ത പ്രസംഗങ്ങൾ പാടില്ലെന്ന ഉത്തരവും ഇവർക്ക് മുന്നിലുണ്ട്.

ഒക്ടോബർ മാസം ആദ്യം നടന്ന റെയ്ഡിന് പിന്നാലെ പാസ്റ്റർ ജിൻ മിങ്‌രിയെ അറസ്റ്റ് ചെയ്തിരുന്നു. രജിസ്റ്റർ ചെയ്യാത്ത പള്ളികളെ ലക്ഷ്യമിട്ടുള്ള രാജ്യവ്യാപകമായ ഓപ്പറേഷൻ്റെ ഭാഗമായാണ് സർക്കാർ ഇപ്പോൾ സഭാ നേതൃത്വത്തെ ഒന്നടങ്കം അഴിക്കുള്ളിലാക്കുന്നത്. സഭയെ പാർട്ടി നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ അതിനോട് വിയോജിക്കുകയും വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തതാണ് തങ്ങൾ ചെയ്തതെന്നാണ് സഭാ നേതൃത്വം പറയുന്നത്.