ചിലർ വിക്കികുമാറിന്റെ സാഹചര്യത്തെ ഇന്ത്യയിലെ തുടക്കക്കാരുടേതുമായി താരതമ്യം ചെയ്തു. ഇന്ത്യയിൽ തുടക്ക ശമ്പളം കുറവാണെങ്കിലും ദൈനംദിന ചെലവുകൾ പലപ്പോഴും കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമല്ലോ എന്നാണ് പലരും പറയുന്നത്.

ജപ്പാനിലെ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മാസശമ്പളമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കു വഴിവെച്ചിരിക്കുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപയാണ് തനിക്ക് ലഭിക്കുന്ന ശമ്പളം എന്നാണ് എൻജിനീയറായ യുവാവിന്റെ വെളിപ്പെടുത്തൽ. ഒരു തുടക്കക്കാരൻ എന്ന നിലയിൽ തൻറെ ശമ്പളമാണിതെന്ന് വിക്കി കുമാർ പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വിക്കികുമാർ തൻറെ അടിസ്ഥാന ശമ്പളം 235,000 യെൻ അതായത് 135000 ഇന്ത്യൻ രൂപയാണെന്ന് വെളിപ്പെടുത്തുന്നു.

എന്നാൽ, ആദായനികുതി, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ നിർബന്ധിത കിഴിവുകൾ ഈ ശമ്പളത്തിൽ നിന്ന് കുറയും. ആവശ്യമായ ജാപ്പനീസ് ലാം​ഗ്വേജ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പ്രതിമാസ 20,000 യെൻ പിഴ കൂടി ഈടാക്കപ്പെടുന്നുണ്ട്. ഇതിനെല്ലാം ശേഷം അദ്ദേഹത്തിന് കൈയിൽ ലഭിക്കുന്ന ശമ്പളം ഏകദേശം 175,000 യെൻ അതായത് ഒരു ലക്ഷം രൂപ മാത്രം. വിക്കി കുമാറിന്റെ ഈ തുറന്നു പറച്ചിലിനെ സമൂഹമാധ്യമങ്ങളിൽ എതിർത്തും അനുകൂലിച്ചും രംഗത്തെത്തിയത് നിരവധി പേരാണ്. താരതമ്യേന ഉയർന്ന ജീവിതച്ചെലവുള്ള ജപ്പാനിൽ, ഈ തുക ജീവിതച്ചെലവുകൾക്ക് പര്യാപ്തമാണോ എന്ന് പലരും ചോദ്യം ചെയ്തു. ലഭ്യമായ കണക്കുകൾ അനുസരിച്ച്, ടോക്കിയോയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളുടെ പ്രതിമാസ ജീവിതച്ചെലവ് 150000 യെൻ മുതൽ 350000 യെൻ വരെ ആകാം.

View post on Instagram

ചിലർ വിക്കികുമാറിന്റെ സാഹചര്യത്തെ ഇന്ത്യയിലെ തുടക്കക്കാരുടേതുമായി താരതമ്യം ചെയ്തു. ഇന്ത്യയിൽ തുടക്ക ശമ്പളം കുറവാണെങ്കിലും ദൈനംദിന ചെലവുകൾ പലപ്പോഴും കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമല്ലോ എന്നാണ് പലരും പറയുന്നത്. മറ്റു ചിലർ അദ്ദേഹത്തിന്റെ ശമ്പളം ഈ രീതിയിൽ മുന്നോട്ടു പോകുകയാണെങ്കിൽ ദീർഘകാല സമ്പാദ്യം ഉണ്ടാകില്ലെന്ന് ഓർമിപ്പിച്ചു. മികച്ച ജോലിയും ശമ്പളവും തേടി നമ്മുടെ നാട്ടിലെ യുവാക്കൾ ഇപ്പോൾ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. എന്നാൽ അവിടെ അവർ അനുഭവിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥ ഓർമിപ്പിക്കുകയാണ് വിക്കി കുമാറിന്റെ ഈ പോസ്റ്റ്.